പ്രതീകാത്മക ചിത്രം | Photo: Canva Photos
വാഹന ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പോളിസികള്‍ എടുക്കുന്നതിനും പുതുക്കുന്നതിനും കെ.വൈ.സി. നിര്‍ബന്ധമാക്കിയ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) നിര്‍ദേശം ഉപഭോക്താക്കള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമായില്ല. ആധാര്‍, പാന്‍ വിവരം കെ.വൈ.സി. സൈറ്റില്‍ ഓണ്‍ലൈനായി കയറ്റുന്നതിലെ തടസ്സമാണു പ്രധാനപ്രശ്‌നം. ജനുവരി ഒന്നിനാണ് ഇതു നിലവില്‍വന്നത്. ഇതിനുശേഷം പുതിയ ഇടപാടുകള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു.
കെ.വൈ.സി. നടപടി പൂര്‍ത്തിയാക്കുന്നതിന്റെ നമ്പര്‍ ലഭിച്ചതിനു ശേഷമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു പോളിസിയനുവദിക്കാന്‍ കഴിയൂ. ഇതിനേറെ താമസമുണ്ടാകുന്നതിനാല്‍ കാലാവധി തീരാറായ പോളിസികള്‍ മുന്‍കൂട്ടി പുതുക്കാന്‍ കഴിയുന്നില്ല. ആരോഗ്യ, യാത്ര, ഗൃഹ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണ്. എങ്കിലും, വാഹന ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടാണു കൂടുതല്‍ പ്രയാസം.
ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപഭോക്താക്കളുടെ ഫോണിലേക്ക് കെ.വൈ.സി. വിവരം കയറ്റുന്നതിനുള്ള ലിങ്ക് അയക്കുകയാണ്. പലപ്പോഴും ഈ ലിങ്ക് മൊബൈലില്‍ കിട്ടാറില്ല. കിട്ടിയാല്‍ത്തന്നെ കാര്യം നടക്കുന്നുമില്ല. ചില കമ്പനികള്‍ ആധാറും പാന്‍കാര്‍ഡും അപ്ലോഡ് ചെയ്തു കൊടുക്കുന്നുണ്ട്. ഇതിനായി ഇവയുടെ അസല്‍ ഓഫീസില്‍ കൊണ്ടുചെല്ലണം. എങ്കിലും ഓണ്‍ലൈനായി വിവരം നല്‍കുന്നതിലെ കാലതാമസവും ഒ.ടി.പി. കിട്ടാതിരിക്കലും ഇവിടെയും പ്രശ്‌നമാകുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കെ.വൈ.സി. പോര്‍ട്ടലിലെ തിരക്കും ആധാര്‍വിവരങ്ങള്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) പോര്‍ട്ടലില്‍നിന്നു ലഭിക്കുന്നതിലെ കാലതാമസവും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. പഴയ വാഹനം വാങ്ങുന്നവര്‍ ഉടമയുടെ പേരു മാറ്റാതെ ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ളവര്‍ക്കു പരിഷ്‌കാരം വിനയാണ്. വാഹനത്തിന്റെ ആര്‍.സി. ഉടമയുടെ ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍രേഖകള്‍ ഹാജരാക്കിയാലേ പോളിസി പുതുക്കാന്‍ കഴിയൂ.
കെ.വൈ.സി. നടപടി വേഗത്തിലാക്കാന്‍ ഡിജി ലോക്കര്‍
ആധാര്‍ നമ്പരുകള്‍ക്ക് അനുബന്ധമായുള്ള ഡിജിറ്റല്‍ ലോക്കര്‍ (ഡിജി ലോക്കര്‍) തുറന്നാല്‍ കെ.വൈ.സി. നടപടി വേഗത്തിലാകും. ഇതിനായി Digilocker പോര്‍ട്ടലില്‍ ആധാര്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കണം. തുടര്‍ന്ന് ഫോണില്‍ ഒ.ടി.പി. കിട്ടും. ഇതുപയോഗിച്ച് ആറക്കങ്ങളുള്ള സുരക്ഷാപിന്‍ തയ്യാറാക്കി കഴിയുന്നതോടെ ഡിജി ലോക്കറില്‍ പ്രവേശിക്കാം. ആധാറുമായി മൊബൈല്‍, പാന്‍ നമ്പരുകള്‍ ബന്ധിപ്പിച്ചവര്‍ക്കേ ഡിജി ലോക്കര്‍ പ്രയോജനപ്പെടുത്താന്‍ കഴിയൂ.
Content Highlights: Insurance Regulatory Authority made KYC Mandatory for vehicle insurance, Vehicle insurance,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..