അബുദാബി: ഇക്കഴിഞ്ഞ മഴയിലും വെള്ളപ്പൊക്കത്തിലും വാഹനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുമെന്ന് യു.എ.ഇ. ധനമന്ത്രിയും ഫെഡറല്‍ ഇന്‍ഷുറന്‍സ് വകുപ്പ് ചെയര്‍മാനുമായ സുല്‍ത്താന്‍ബിന്‍ സായിദ് അല്‍ മന്‍സൂരി വ്യക്തമാക്കി.

യു.എ.ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലുമായി (എഫ്.എന്‍.സി.) ഇതുസംബന്ധിച്ച് നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. മഴയും വെള്ളപ്പൊക്കവും ഇടിമിന്നലുമടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ മൂലം വാഹനങ്ങള്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വാഹന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. 

വാഹനങ്ങളുടെ നാശനഷ്ടവും വലിയ തോതിലുള്ള കേടുപാടുകളും പരിഹരിക്കുന്നതിനായുള്ള കേന്ദ്രീകൃത ഇന്‍ഷുറന്‍സ് നയത്തിന്റെ ഭാഗമായാണിത്. നാശനഷ്ടങ്ങള്‍ക്ക് പരിഹാരം തേടി എഫ്.എന്‍.സി. ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കറായ ഹമദ് അഹമ്മദ് അല്‍ റഹൗമിയാണ് മന്ത്രിയുമായി സംസാരിച്ചത്.

വെള്ളം പൊങ്ങിയ റോഡുകളില്‍നിന്ന് വാഹനങ്ങള്‍ക്ക് കേടുസംഭവിച്ചവര്‍ക്ക് ഇതിനുള്ള പരിഹാരമായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുമോ ഇല്ലയോ എന്ന കാര്യങ്ങളില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രീകൃത ഇന്‍ഷുറന്‍സ് നയത്തിന്റെ ഭാഗമായി പ്രകൃതിദുരന്തങ്ങളില്‍ നേരിട്ടോ അല്ലാതെയോ കേടുസംഭവിച്ച വാഹനങ്ങള്‍ക്കെല്ലാം പരിരക്ഷ ഉറപ്പ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. 

വാഹനയുടമകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും വ്യവസ്ഥകളെക്കുറിച്ച് വായിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച് വാഹന ഉടമകള്‍ക്കായി ബോധവത്കരണത്തിനൊരുങ്ങുകയാണ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍.

Content Highlights: Insurance Protection For Waterlogged Vehicle