സ്വകാര്യ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി, പാക്കേജ് പോളിസി എന്നിവ പ്രത്യേകമായി നല്‍കാന്‍ നിര്‍ദേശം. ഇത്തരത്തില്‍ പോളിസികള്‍ പരിഷ്‌കരിക്കാന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) കമ്പനികളോട് നിര്‍ദേശിച്ചു.

ഒരു വാഹനം ജീവനും സ്വത്തിനുമുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി പോളിസി വേണം. മോട്ടോര്‍ വാഹന നിയമപ്രകാരം രാജ്യത്ത് ഒരു വാഹനം നിരത്തിലിറക്കണമെങ്കില്‍ ഇത് നിര്‍ബന്ധമാണ്. പാക്കേജ് പോളിസി അപകടത്തില്‍ വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ബാധ്യതയില്‍നിന്നുള്ള സംരക്ഷണത്തിനും.

സെപ്റ്റംബര്‍ ഒന്നിന് പുതിയ പരിഷ്‌കാരം നിലവില്‍വരും. സ്വകാര്യ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ദീര്‍ഘകാല തേര്‍ഡ് പാര്‍ട്ടി പ്രീമിയം വേണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കിയത് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്‍ഷുറന്‍സ് സംവിധാനം അടിമുടി പരിഷ്‌കരിക്കുന്നത്.

ദീര്‍ഘകാലം നിരത്തിലിറക്കാതെ സൂക്ഷിക്കുന്ന കാറിനും ഇരുചക്രവാഹനങ്ങള്‍ക്കും റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട പ്രീമിയം ഒഴിവാക്കാം. 

മോഷണം, തീപ്പിടിത്തം എന്നിവയില്‍നിന്ന് സംരക്ഷണംനല്‍കാനുള്ള പാക്കേജ് പോളിസി മാത്രം മതി. പഴയ വാഹനങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നിലവില്‍ ഇത്തരം പോളിസികളില്ല. ഇതിനാല്‍ പുതിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള പോളിസികള്‍ തയ്യാറാക്കാന്‍ ഐ.ആര്‍.ഡി.എ.ഐ. ആവശ്യപ്പെട്ടു.

നിലവിലുള്ളത്

  • പുതിയ കാറുകള്‍ക്ക് മൂന്നുവര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി പ്രിമിയം മുന്‍കൂര്‍ അടയ്ക്കണം. ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേതും.
  • ഇതിനൊപ്പമുള്ള പാക്കേജ് പോളിസി ഓരോ വര്‍ഷത്തേക്കുവീതം പുതുക്കാനുള്ള സൗകര്യവുമുണ്ട്.
  • ഇരുപോളിസികളും ഒന്നിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നത്. ഇതിനാല്‍ പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് പാക്കേജ് പോളിസി വേണ്ടിവരും.

പരിഷ്‌കരിക്കുന്നത്

  • ദീര്‍ഘകാല തേര്‍ഡ് പാര്‍ട്ടി പ്രീമിയം വേണമെന്നതില്‍ മാറ്റമില്ല. പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം അടച്ച രേഖ ഹാജരാക്കിയാല്‍ മതി.
  • ഉടമയ്ക്ക് ഇഷ്ടമുള്ള കമ്പനിയില്‍നിന്ന് പാക്കേജ് പോളിസിയെടുക്കാം. ഇന്‍ഷുറന്‍സ് കമ്പനികള്‍ തമ്മിലുള്ള മത്സരത്തിലൂടെ പ്രീമിയം കുറയുമെന്നും ഇന്‍ഷുറന്‍സ് കമ്പനികളുടെ സേവനനിലവാരം ഉയരുമെന്നുമാണ് പ്രതീക്ഷ.

Content Highlights: Insurance For Four Wheeler and Two Wheeler