എട്ട് പാസായ ശേഷം മഞ്ജു വാരിയർ റോഡ് ടെസ്റ്റിന് എത്തിയപ്പോൾ
ലൈസന്‍സ് ടെസ്റ്റിനുള്ള എം.80 സ്കൂട്ടര്‍ എടുത്ത് പരിശോധനയ്ക്കായി നാട്ടിയിട്ടുള്ള കമ്പികള്‍ക്കിടയിലൂടെ അനായാസം 'എട്ട്' എടുത്തു വന്ന യുവതി ഹെല്‍മെറ്റും മാസ്കും അഴിച്ചപ്പോള്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ചെറിയൊരാരവം - ഓ... മഞ്ജു വാരിയര്‍! ഗ്രൗണ്ടില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. എട്ട് പാസായി റോഡ് ടെസ്റ്റും ജയിച്ചതോടെ മഞ്ജുവിന് ലൈസന്‍സ് ഉറപ്പായി. ''ഇനി എനിക്ക് ബി.എം.ഡബ്ല്യു. ബൈക്ക് വാങ്ങാം, റോഡിലൂടെ ഓടിക്കാം'' - ടെസ്റ്റ് പാസായ സന്തോഷത്തില്‍ മഞ്ജു വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരോട് പറഞ്ഞു.
രാവിലെ മുതല്‍ നൂറുകണക്കിന് ആളുകളാണ് കാക്കനാട് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാനും പരിശീലനത്തിനുമായി എത്തിയിരുന്നത്. ഇവരുടെയെല്ലാം ഊഴം കഴിഞ്ഞ ശേഷമായിരുന്നു താരത്തെ എറണാകുളം ആര്.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്. രാജേഷ് ടെസ്റ്റിന് വിളിച്ചുവരുത്തിയത്. അവസാനത്തെ അപേക്ഷകനെയും വിട്ടയച്ച ശേഷമായിരുന്നു നടിയുടെ എട്ട് എടുക്കല്‍.
തന്റെ സമയമാകുന്നതുവരെ മഞ്ജു വാരിയര്‍ കങ്ങരപ്പടിയിലുള്ള ഗ്രൗണ്ടില്‍ എട്ട് എടുത്ത് പരിശീലിക്കുകയായിരുന്നു. 2014-ല്‍ തൃശ്ശൂര്‍ ആര്.ടി. ഓഫീസില്‍നിന്ന് നാലുചക്ര വാഹനം ഓടിക്കാനുള്ള ലൈസന്‍സ് മഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ തമിഴ് സിനിമയ്ക്കായി നടന് അജിത്തിനൊപ്പം ബൈക്ക് യാത്ര പോയപ്പോഴാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയത്. തുടര്‍ന്ന് ഇരുചക്രവാഹന ടെസ്റ്റിന് എറണാകുളം ആര്.ടി. ഓഫീസില്‍ അപേക്ഷ നല്‍കുകയായിരുന്നു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ. സ്റ്റാന്‍ലി, കെ.എസ്. സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Content Highlights: inspried from actor ajith kumar, Manju Warrier take two wheeler licence to drive bmw bike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..