കോടികള്‍ വിലയുള്ള വാഹനങ്ങള്‍ വീട്ടിലെ ഗ്യാരേജുകളിലുണ്ടെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങാന്‍ മധ്യപ്രദേശ് പാന്‍ഡയിലെ വ്യവസായികള്‍ ആശ്രയിക്കുന്ന കാളവണ്ടിയെയാണ്. വാഹനവുമായി ഇറങ്ങാനുള്ള റോഡുകളുടെ സ്ഥാനത്തിപ്പോള്‍ ചെളിക്കുഴികളാണ്. ഒടുവില്‍, കാളവണ്ടി യാത്ര പ്രതിഷേധ മാര്‍ഗമാക്കിയിരിക്കുകയാണ് ഈ മേഖലയിലെ വ്യവസായികള്‍.

മാന്യമായി വസ്ത്രം ധരിച്ച്, ലാപ്പ് ടോപ്പുകളും മറ്റ് ബാഗുകളും കൈയില്‍ പിടിച്ചാണ് ഇവരുടെ കാളവണ്ടി യാത്ര. വ്യവസായ മേഖലയിലെ റോഡുകള്‍ പൊളിഞ്ഞ് ചെളിയായതിനെ തുടര്‍ന്ന് കാളകള്‍ പോലും നടക്കാന്‍ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ കാണാം. മോജോ സ്‌റ്റോറിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഈ വേറിട്ട പ്രതിഷേധം ഇടം നേടിയത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് 70 ദിവസത്തിലധികമായി വ്യവസായശാലകളും മറ്റും അടഞ്ഞ് കിടക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഫാക്ടറികള്‍ തുറക്കാനെത്തിയപ്പോഴാണ് റോഡുകളുടെ ശോചനീയാവസ്ഥ വ്യവസായികള്‍ തിരിച്ചറിയുന്നത്. 

മോശമായിരുന്ന റോഡുകളില്‍ വെള്ളവും ചെളിയും അടിഞ്ഞതോടെ കാല്‍നട യാത്രയ്ക്ക് പോലും കഴിയാതെ ആയി. കാര്‍ പോലെയുള്ള ചെറിയ വാഹനങ്ങള്‍ ഇവിടെ ഇറക്കാന്‍ സാധിക്കാതെ ആയതോടെ പ്രതിഷേധസൂചകമായി യാത്ര കാളവണ്ടിയിലേക്ക് മാറ്റുകയായിരുന്നു.

മധ്യപ്രദേശിലെ വ്യവസായ പ്രമുഖരുടെ കാളവണ്ടി യാത്ര സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിയിരിക്കുകയാണ്. പ്രശ്‌നം മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ ശ്രദ്ധയിലെത്തിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരകരുടെ ലക്ഷ്യം.

Content Highlights: Industrialists in Palada, M.P. ride bullock carts to work