നിതിൻ ഗഡ്കരി | Photo: Twitter
മുംബൈ-നാഗ്പുര്‍ എക്സ്പ്രസ് ഹൈവേയാണ് ഇന്ത്യയില്‍ അടുത്തിടെ തുറന്ന ഏറ്റവും മികച്ച റോഡുകളിലൊന്ന്. 120 മീറ്റര്‍ വീതിയും 22.5 മീറ്റര്‍ വീതിയുള്ള ഡിവൈഡറും പൂന്തോട്ടങ്ങളും 50-ല്‍ അധികം മേല്‍പ്പാതകളും 700 അണ്ടര്പാസുകളുമൊക്കെയായാണ് ഈ പാത ഒരുക്കിയിരിക്കുന്നത്. ഇത്രയൊക്കെ സംവിധാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും പല വിദേശ രാജ്യങ്ങളിലെ റോഡുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ നമ്മുടെ നാട്ടിലെ റോഡുകള്‍ ഇപ്പോഴും ഏറെ പിന്നിലാണ്.
ഇന്ത്യയിലെ റോഡുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഘട്ടംഘട്ടമായി സ്വീകരിച്ച് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രധാനമായി ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 2024 അവസാനത്തോടെ അമേരിക്കയിലെ റോഡുകളെക്കാള്‍ മികച്ച റോഡുകള്‍ ഇന്ത്യയില്‍ ഒരുക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ഗോവ സുവാരി നദിയിലെ പാലത്തിന്റെ ഒന്നാം ഘട്ട ഉത്ഘാടനത്തിലായിരുന്നു പ്രഖ്യാപനം.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലാവധി 2024 അവസാനത്തോടെയാണ് പൂര്‍ത്തിയാകുന്നത്. ഇതിന് മുമ്പുതന്നെ ഇന്ത്യയിലെ റോഡ് സൗകര്യങ്ങള്‍ അമേരിക്കയിലേതിനെക്കാള്‍ മികച്ചതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നിതിന്‍ ഗഡ്കരി അറിയിച്ചിരിക്കുന്നത്. 2530 കോടി രൂപ ചെലവില്‍ 13.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ എട്ട് വരിയായാണ് സുവാരി പാലം നിര്‍മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ സ്റ്റേ ബ്രിഡ്ജാണ് ഇത് ഒരുക്കിയിരിക്കുന്നത്.
2022 ഒക്ടോബറില്‍ ലക്നൗവില്‍ നടന്ന ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ 81-ാം സെഷനിലും മന്ത്രി നിതിന്‍ ഗഡ്കരി സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. അമേരിക്ക സമ്പന്നമായത് കൊണ്ടല്ല അമേരിക്കല്‍ റോഡുകള്‍ മികച്ചതായിരിക്കുന്നത്, മറിച്ച് റോഡുകള്‍ മികച്ചതായതിനാലാണ് അമേരിക്ക സമ്പന്നമാകുന്നത് എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ ഉറപ്പ്.
എന്നാല്‍, അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കാണ് യു.പിയിലെ റോഡുകള്‍ അമേരിക്കയിലേതിന് സമാനമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നത്. 2024-നുള്ളില്‍ അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റോഡ് വികസനത്തിനായി ഉത്തര്‍പ്രദേശില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയത്. 1000 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന 13 ഓവര്‍ബ്രിഡ്ജ്, 1212 കോടി, 950 കോടി എന്നിങ്ങനെ മുടക്കിയുള്ള ബൈപ്പാസ് എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.
Content Highlights: Indian roads will be better than roads in America by 2024 says Nitin Gadkari
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..