ടാറ്റ മോട്ടോഴ്‌സിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ഐ.ഒ.സി.) നിന്ന് 15 ഹൈഡ്രജന്‍ അധിഷ്ഠിത പ്രോട്ടോണ്‍ എക്സ്‌ചേഞ്ച് മെംബ്രെന്‍ (പി.ഇ.എം.) ഇന്ധന സെല്‍ ബസുകളുടെ ടെന്‍ഡര്‍ ലഭിച്ചു. പി.ഇ.എം. ഇന്ധന സെല്‍ ബസുകള്‍ക്കായി ഐ.ഒ.സി. 2020 ഡിസംബറിലാണ് ടെന്‍ഡര്‍ വിളിച്ചത്. വിശദമായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം ടാറ്റാ മോട്ടോഴ്‌സിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ധാരണാപത്രം ഒപ്പുവെച്ചതിനു ശേഷം 144 ആഴ്ചയ്ക്കുള്ളില്‍ 15 ബസുകളും വിതരണം ചെയ്യുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഐ.ഒ.സി.എല്‍. ഗവേഷണ, വികസന കേന്ദ്രങ്ങള്‍ക്കായാണ് ഈ ബസുകള്‍ നല്‍കുന്നത്. ഇതിനുപുറമെ, പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളില്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ തിരിച്ചറിയുന്നതിനുള്ള പഠനങ്ങള്‍ക്കും ഐ.ഒ.സി.എല്‍. ടാറ്റ മോട്ടോഴ്‌സുമായി സഹകരിക്കും.

പൊതുഗതാഗത മേഖലയിലേക്ക് ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ എത്തിക്കുക എതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായി ഡല്‍ഹിയിലെ പൊതുഗതാഗത സംവിധാനത്തില്‍ ഇത്തരം ബസുകള്‍ എത്തിക്കുകയും ഇരുകമ്പനികളും വിവിധ പരിശോധനകള്‍ നടത്തുകയും ചെയ്യും. ഐ.ഒ.സി.എല്‍. ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഹൈഡ്രജന്‍ ഇന്ധനമായിരിക്കും ഈ വാഹനങ്ങളില്‍ ഉപയോഗിക്കുകയെന്നാണ് വിവരം.

ഹൈഡ്രജന്‍ വാതകവും ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യയുടെ പുതിയ തലത്തില്‍ ഉപയോഗപ്പെടുത്തുന്ന പദ്ധതിക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരായ ഐ.ഒ.സിയും ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളും ഒരുമിക്കുകയാണ്. ഈ കൂട്ടുക്കെട്ട് ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിയുടെയും മറ്റ് പദ്ധതികളുടെയും തുടക്കമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മേധാവി എസ്.എം. വൈദ്യ അഭിപ്രായപ്പെട്ടു.

Content Highlights: Indian Oil Corporation Buying 15 Hydrogen Fuel Buses From Tata Motors