ചൈനയുടെ കടന്നുകയറ്റം ചെറുക്കാന്‍ കരസേന സിക്കിമിലെയും ലഡാക്കിലെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ 1750 ആധുനിക കവചിത വാഹനങ്ങള്‍ വാങ്ങുന്നു. ആത്മനിര്‍ഭര്‍ ഭാരത്-മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം വാഹനങ്ങള്‍ നിര്‍മിക്കാന്‍ കമ്പനികളില്‍നിന്ന് കരസേന നിര്‍ദേശം ക്ഷണിച്ചു.

സൈനികനീക്കത്തിനും ശത്രുസേനയ്‌ക്കെതിരേ ആക്രമണം നടത്താനും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാവും പുതിയ വാഹനങ്ങള്‍. 55 ശതമാനം വാഹനങ്ങളിലാണ് ആയുധങ്ങളുപയോഗിക്കാനുള്ള സൗകര്യമുണ്ടാവുക. ബാക്കിയുള്ളവ പ്രത്യേക സവിശേഷതകളുള്ളതാവും.

കമ്പനികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ വാഹനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിര്‍മിക്കാനുള്ള താത്പര്യവും അറിയിക്കാം. 2009-ല്‍ ഇത്തരത്തില്‍ പുതിയ പോര്‍വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ചുവപ്പുനാടയില്‍ കുരുങ്ങി സാധ്യമായിരുന്നില്ല.

ലഡാക്ക് മേഖലയിലെ വര്‍ത്തമാനകാല സൈനികാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ 350 ചെറുടാങ്കുകള്‍ വാങ്ങാനും സൈന്യത്തിന് പദ്ധതിയുണ്ട്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ കഴിഞ്ഞവര്‍ഷത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമായിരിക്കും ഇതെന്ന് കരസേന വ്യക്തമാക്കി.

Content Highlights: Indian Military Planning To Buy 1750 Armoured Vehicle Under Make In India Initiative