മേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യ വിട്ടത് രാജ്യത്തെ വ്യവസായികാന്തരീക്ഷത്തിന്റെ പ്രശ്‌നമല്ലെന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ആറു വര്‍ഷത്തിനിടെ വാഹനരംഗത്ത് 3,500 കോടി ഡോളറിന്റെ (2.5 ലക്ഷം കോടി രൂപ) നിക്ഷേപമെത്തിയിട്ടുണ്ട്. ഒന്നരവര്‍ഷത്തിനിടെ 13 ആഭ്യന്തര - അന്താരാഷ്ട്ര കമ്പനികള്‍ നിക്ഷേപത്തിന് താത്പര്യമറിയിച്ചെത്തി.

ആകെ 440 കോടി ഡോളറിന്റെ (ഏകദേശം 32,000 കോടി രൂപ) പദ്ധതികള്‍ ഇപ്പോള്‍ ചര്‍ച്ചയിലടക്കം വിവിധ ഘട്ടത്തിലുണ്ട്. 13 കമ്പനികളില്‍ ബഹ്വാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, സ്റ്റാന്‍ലി ബ്ലാക്ക് ആന്‍ഡ് ഡെക്കര്‍, കൈനറ്റിക് ഗ്രീന്‍ എനര്‍ജി, ടെസ്ല, നൈഡെക് തുടങ്ങി അഞ്ചെണ്ണം ഇന്ത്യയിലെ നിക്ഷേപപദ്ധതി വിലയിരുത്തി വരുകയാണ്. ചെറു വൈദ്യുതവാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന കൈനറ്റിക് ഗ്രീന്‍ എനര്‍ജി രാജ്യത്ത് വിപണനശൃംഖല ഒരുക്കിവരുകയാണ്. 

ചാര്‍ജിങ് കണക്ടര്‍ പോലുള്ള ഘടകങ്ങള്‍ ഉത്പാദിപ്പിക്കുന്ന യസാകി, എയര്‍ബാഗ് നിര്‍മാതാക്കളായ ഡായിസെല്‍, ലിഥിയം അയേണ്‍ ബാറ്ററി കമ്പനിയായ സി4വി പോലുള്ളവ ഉത്പാദനം തുടങ്ങുന്നതിന് ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ഇന്ത്യ നിക്ഷേപത്തിന് അനുയോജ്യമെന്ന വിലയിരുത്തലിലാണ് അന്താരാഷ്ട്ര കമ്പനികളടക്കം ഇവിടേക്ക് വരുന്നത്. വാഹനമേഖലയ്ക്കായി ഉത്പാദന അനുബന്ധപദ്ധതി ഉടനുണ്ടാകും. ഇപ്പോള്‍ 2,700 കോടി ഡോളറിന്റെ കയറ്റുമതി ഈ രംഗത്തുണ്ട്. 

വൈദ്യുതവാഹനങ്ങളുടെ കടന്നുവരവോടെ ആഗോള വാഹനവ്യവസായം വലിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ സൂചിപ്പിച്ചു. ഫോര്‍ഡിനെ പിടിച്ചുനിര്‍ത്തുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് വിവിധതലങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, എന്തെങ്കിലും സഹായത്തിനായി കമ്പനി സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. കേന്ദ്രത്തിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഫോര്‍ഡിന്റെ പിന്‍മാറ്റം തിരിച്ചടിയാണെന്ന ആരോപണവും സര്‍ക്കാര്‍വൃത്തങ്ങള്‍ നിഷേധിച്ചു.

Content Highlights: Indian Automobile Industry, Ford Motors India, Investment In Automobile Industry