2020-ൽ ബിഎസ് 4 (BSVI) എഞ്ചിനുകളുടെ അവതരണം ഇന്ത്യൻ വാഹന വിപണിയിലെ വലിയ ഒരു കുതിച്ചു ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. അതിന് സമാനമായി 2022 വാഹന വിപണിക്ക് ഒരു സുപ്രധാന വർഷം തന്നെയാണ്. ഫ്ലെക്സ് ഫ്യുവല്‍ (ഫ്ലെക്സ് ഇന്ധനം) എന്ന സാങ്കേതികവിദ്യ പ്രയോഗത്തിലാക്കാനുള്ള നയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ.

കുറച്ചു മാസങ്ങൾക്ക് ഉള്ളിൽ തന്നെ  ഫ്ലെക്സ് ഫ്യുവല്‍ സംബന്ധിച്ചുള്ള നയം സർക്കാർ പ്രഖ്യാപിക്കുമെന്നും നടപ്പിലാക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കുമെന്നും സർക്കാരിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2025 ഏപ്രിൽ 1-നോട് കൂടി ഇ20 ഇന്ധനം (E20 Fuel-80% പെട്രോൾ 20% എഥനോൾ കൂടിച്ചേർന്ന മിശ്രിതം) പൂർണ്ണമായി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

ഫ്ലക്സ് ഫ്യുവല്‍ സാങ്കേതികത നടപ്പിലാക്കാൻ ധാരാളം കടമ്പകളും പരിശ്രമങ്ങളും ആവശ്യമാണ്. അതിന് ഉദാഹരണമാണ് വാഹനങ്ങളിലെ എൻജിൻ, ഇന്ധനം, ഇലക്ട്രിക്കൽ, എക്‌സ്‌ഹോസ്റ്റ് മുതലായ സംവിധാനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ.കൂടാതെ, എൻജിനിലെ പിസ്റ്റൺ, സിലിണ്ടർ ബ്ലോക്ക്, സിലിണ്ടർ ഹെഡ്, ഇൻജക്ടറുകൾ, ഫ്യുവല്‍ റെയിൽ പോലെയുള്ള പ്രധാന ഘടകങ്ങളിലും സുപ്രധാന മാറ്റാനാണ് കൊണ്ടു വരേണ്ടതായുണ്ട്. 

എഥനോളിന്റെ നശീകരണ സ്വഭാവം (Corrosive Nature) എഞ്ചിനീയർമാർക്ക് ഒരു വലിയ വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്. ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകൾ വികസിപ്പിക്കുന്നതിൽ വരുന്ന സാങ്കേതിക മാറ്റങ്ങളും മെറ്റീരിയൽ റീ-എൻജിനീയറിംഗും വാഹനങ്ങളുടെ വിലയെ ഗണ്യമായി ബാധിക്കും.

സാധാരണ പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച്, കാറുകൾക്ക് 25,000 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 12,000 രൂപയും അധിക ചെലവ് ഇതുമൂലം ഉണ്ടാകും എന്നാണ് കണക്ക്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയേയും, സാങ്കേതികതയിൽ മാറ്റങ്ങൾ വരുത്താൻ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്തുക്കളുടെ വിലയേയും അടിസ്ഥാനമാക്കി അധിക ചെലവിൽ മാറ്റങ്ങൾ സംഭവിക്കാം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലെക്സ് ഫ്യുവല്‍ കാർ വിപണിയായ ബ്രസീലിൽ സാന്നിധ്യമുള്ള ഇന്ത്യയിലെ ഉപകരണ നിർമ്മാതാക്കൾക്ക് ചില ജോലികൾ താരതമ്യേന എളുപ്പമാകുമെങ്കിലും, ഫ്ലെക്സ് ഫ്യുവല്‍ സാങ്കേതിക വികസന ഘട്ടത്തിൽ കാര്യങ്ങളെല്ലാം അത്ര എളുപ്പമാകണമെന്നില്ല. 

"എല്ലാത്തിനും ഒരു മാറ്റം വേണ്ടി വരും. ഒരു തരത്തിൽ, ഇത് ഒരു പുതിയ എഞ്ചിൻ വികസനമാണ്, ഇതുവരെ ആർക്കും ബിഎസ് 4 ഫ്ലെക്സ് ഫ്യുവല്‍ സംവിധാനമില്ല. ബ്രസീൽ നിലവിൽ ഫ്ലെക്സ് ഇന്ധനത്തിന്റെ ബിഎസ് 3 ലെവലിലാണ് പ്രവർത്തിക്കുന്നത്. ഇത് 2022-ൽ ബിഎസ് 5-ലേക്ക് നീങ്ങും, 2025-ലേക്ക് അത് കൂടുതൽ പ്രാവർത്തികത്തിലാകും' എന്ന് മാരുതി സുസുക്കിയുടെ ചീഫ് ടെക്‌നിക്കൽ ഓഫീസറായ സി വി രാമൻ ഒരു ഇന്റർവ്യൂവിൽ പരാമർശിച്ചു.

Content Highlights : Indian auto industry prepares for the Flex fuel technology challenge