40 ജവാന്‍മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ മറുപടിയായി പാക് ഭീകര ക്യാമ്പുകളെ ആക്രമിക്കാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത് മിറാഷ് 2000 പോര്‍വിമാനങ്ങളാണ്. കൃത്യമായ സ്ഥലങ്ങളില്‍ അത്യാധുനിക മിസൈലുകള്‍ വര്‍ഷിക്കാന്‍ സാധിക്കുന്ന പന്ത്രണ്ട്‌ മിറാഷ് 2000 പോര്‍വിമാനങ്ങളിലാണ് അതിര്‍ത്തി കടന്ന്‌ മിന്നല്‍ ആക്രമണത്തിനായി ഇന്ത്യന്‍ വ്യോമസേന കുതിച്ചത്. 

1985 മുതല്‍ വ്യോമസേനയുടെ ഭാഗമായ മിറാഷിന് വജ്ര എന്നാണ് വിശേഷണം. ദസ്സോ ഏവിയേഷനാണ് മിറാഷിന്റെ നിര്‍മാതാക്കള്‍. അമേരിക്കന്‍ നിര്‍മിത എഫ് 16, എഫ് 18 എന്നീ പോര്‍വിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട് മിറാഷിന്. അന്‍പതോളം മിറാഷ് 2000 നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. ലേസര്‍ ഗൈഡഡ് ബോംബുകള്‍, ന്യൂക്ലിയാര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന മിറാഷിന് 6.3 ടണ്‍ ഭാരം വാഹിക്കാനുള്ള ശേഷിയുണ്ട്. ഇന്നത്തെ മിന്നല്‍ ആക്രമണത്തില്‍ ലേസര്‍ഗൈഡഡ് ബോംബുകളാണ് മിറാഷില്‍ വര്‍ഷിച്ചതെന്നാണ് സൂചന. 

14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്‌സ്പാനുമാണ് കരുത്തന്‍ മിറാഷിനുള്ളത്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിലും ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാന പടയാളിയായിരുന്നു മിറാഷ് 2000. കാര്‍ഗിലിന് ശേഷം ഇതാദ്യമായാണ്‌ വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. മിറാഷ് 2000H സിംഗിള്‍ സീറ്റര്‍, മിറാഷ് 2000TH ട്വിന്‍ സീറ്റര്‍ എന്നീ രണ്ട് പതിപ്പിലുള്ള മിറാഷ് 2000 ഇന്ത്യയുടെ കൈവശമുണ്ട്. 

നൈറ്റ് വിഷന്‍ സൗകര്യമുള്ള ഗ്ലാസ് കോക്പിറ്റ്, മള്‍ട്ടി മോഡ് മള്‍ട്ടി ലെയേര്‍ഡ് റഡാര്‍, ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങള്‍ ഇതിലുണ്ട്. നാലാംതലമുറ ജെറ്റ് ഫൈറ്റായ മിറാഷിന് സ്‌നേക്മ M53P2 ടര്‍ബോഫാന്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. വായുവിലൂടെ മണിക്കൂറില്‍ 2336 കിലോമീറ്ററാണിന്റെ മിറാഷിന്റെ പരമാവധി വേഗത. ഇന്ത്യയ്ക്ക് പുറമേ ഫ്രാന്‍സ്, ബ്രസീല്‍, ഖത്തര്‍, ഈജിപ്ത്, ഗ്രീസ്, തായ്‌വാന്‍, പെറു, യുഎഇ എന്നീ രാജ്യങ്ങള്‍ നിലവില്‍ മിറാഷ് പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 

Content Highlights; Indian Airforce Mirage 2000 Fighter Jet