രാജ്യത്തെ ദേശീയപാതയോരങ്ങളില്‍ വന്‍ വികസന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയം. പാതയ്ക്കിരുവശവും ടൗണ്‍ഷിപ്പുകള്‍, സ്മാര്‍ട്ട് സിറ്റികള്‍, ലോജിസ്റ്റിക് പാര്‍ക്കുകള്‍, വ്യാവസായിക ക്ലസ്റ്ററുകള്‍ എന്നിവ നിര്‍മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അനുമതിതേടുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 

മന്ത്രാലയവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍പരിപാടിയില്‍ വെള്ളിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസവും 40 കിലോമീറ്റര്‍ എന്നതോതില്‍ ലോകോത്തരനിലവാരമുള്ള 60,000 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കും. 2.5 ലക്ഷത്തോളം കോടി ചെലവുവരുന്ന തുരങ്കങ്ങളും നിര്‍മിക്കും. നവീന സാങ്കേതികവിദ്യയുടെയും ഗവേഷണത്തിന്റെയും സഹായത്തോടെ സ്റ്റീലും സിമന്റും കുറച്ചാവും നിര്‍മാണം. 

റോഡുനിര്‍മാണ യന്ത്രസാമഗ്രികളില്‍ സി.എന്‍.ജി., എല്‍.എന്‍.ജി., എത്തനോള്‍ എന്നിവയാവും ഇന്ധനമായി ഉപയോഗിക്കുക. ഇറക്കുമതി കുറച്ച്, ചെലവും മലിനീകരണവും കുറഞ്ഞ പ്രാദേശികവിഭവങ്ങള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് മന്ത്രി വ്യക്തമാക്കി. 63 ലക്ഷം കിലോമീറ്റര്‍ റോഡ് ശൃംഖലയുള്ള ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ്. 

ദേശീയ അടിസ്ഥാനസൗകര്യവികസന പദ്ധതിപ്രകാരം 111 ലക്ഷം കോടി രൂപയാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. വര്‍ഷം 34 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ വരുത്തുന്നത്. ഈ വര്‍ഷം 5.54 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ലഭ്യത കൂട്ടുകയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: India Will Make 60,000 KM Road Into International Standard In 2024