ലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ രാജ്യത്ത് നടപ്പാക്കുന്നത്. തദ്ദേശിയമായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികളും ഒരുങ്ങുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാണ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 

ഇതിന്റെ ആദ്യ ചുവടുവയ്‌പ്പെന്നോണം ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് തുടങ്ങും. ഇത് ഇലക്ട്രിക് വാഹന നിര്‍മാണത്തിന് വലിയ കുതിപ്പേകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തിലെ തന്നെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ എല്ലാം ഇന്ത്യയില്‍ എത്തുന്നുണ്ട്. ഏറെ വൈകാതെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഹബ്ബായി ഇന്ത്യ മാറുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യയും ഇന്ത്യയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതും പ്രാവര്‍ത്തികമായാൽ പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളെ പൂര്‍ണമായും നമ്മുടെ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കും. വാഹനങ്ങളില്‍ ഫ്‌ളെക്‌സ്-ഫ്യുവല്‍ എന്‍ജിന്‍ സംവിധാനം ഉപയോഗിക്കുന്നത് സംബന്ധിച്ച് വാഹന നിര്‍മാതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളും പെട്രോള്‍-ഡീസല്‍ വാഹനങ്ങളും തമ്മിലായിരിക്കും മത്സരമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആഗോള നിലവാരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളായിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുക. ഇതുവഴി ഇന്ത്യയെ ലോകത്തിലെ മികച്ച വാഹന ഹബ്ബാക്കി മാറ്റാന്‍ സാധിക്കും. ഇലക്ട്രിക്കിന് പുറമെ, എഥനോള്‍, മെഥനോള്‍, സി.എന്‍.ജി. എന്നിവയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കും.

മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനം ഒരുക്കുകയെന്ന ലക്ഷ്യത്തിലാണ് ഇ-മൊബിലിറ്റി എന്ന വികസിപ്പിച്ചിട്ടുള്ളത്. പ്രതിവര്‍ഷം എട്ട് ലക്ഷം കോടി രൂപയുടെ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാകും. ഇത് കുറയ്ക്കുന്നതിനും കാര്യക്ഷമമായ ബദല്‍ ഊര്‍ജ സ്രോതസ് ഒരുക്കുന്നതിനുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

Content Highlights: India Will Become World's Biggest Electric Vehicle Manufacture Says Nitin Gadkari