ടാക്സി സർവീസിനായി ജലഗതാഗത വകുപ്പ് ഇറക്കുന്ന ബോട്ട് | ഫോട്ടോ: മാതൃഭൂമി
ഇനി ടാക്സി വിളിച്ച് കുട്ടനാടന്‍ കായലില്‍ ചുറ്റിക്കറങ്ങാം. രാവെന്നോ പകലെന്നോ ഇല്ലാതെ. ജലഗതാഗത വകുപ്പാണ് രാജ്യത്തെ ആദ്യ ജല ടാക്‌സിക്കു തുടക്കമിടുന്നത്. ഈ മാസം 15-ന് ആദ്യ ബോട്ട് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യും. വൈകാതെ എറണാകുളത്തുമെത്തും. ആലപ്പുഴ-കോട്ടയം, എറണാകുളം-വൈക്കം, കുട്ടനാടന്‍ മേഖല എന്നിവിടങ്ങളിലാണ് ജല ടാക്‌സി ആലോചിച്ചിട്ടുള്ളത്.
യാത്രാബോട്ടുകളെ അപേക്ഷിച്ച് വേഗം ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് പ്രത്യേകത. ആലപ്പുഴയില്‍നിന്ന് ഒരു മണിക്കൂറിനുള്ളില്‍ കോട്ടയത്തെത്താം. സാധാരണ ബോട്ടുകള്‍ രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഈ ദൂരം താണ്ടുന്നത്. ഡിസംബറോടെ നാലു ബോട്ടുകള്‍ നീറ്റിലിറക്കും. മണിക്കൂറിനായിരിക്കും നിരക്ക്. സര്‍ക്കാര്‍ അംഗീകാരത്തോടെ നിരക്ക് തീരുമാനിക്കും.
വിദേശത്ത് ജല ടാക്‌സികള്‍ സാധാരണമാണെങ്കിലും ആദ്യമായാണ് ഇന്ത്യയില്‍ ഇതു നടപ്പാക്കുന്നതെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സികളുടെ മാതൃകയില്‍ ഇവയും പ്രവര്‍ത്തിപ്പിക്കാനാണ് ആലോചന. ടാക്‌സി വിളിക്കാന്‍ ജലഗതാഗത വകുപ്പ് ഒരു നമ്പര്‍ ഉടന്‍ പ്രസിദ്ധീകരിക്കും. യാത്രക്കാര്‍ വിളിക്കുന്ന സ്ഥലത്ത് കായലിന്റെ തീരത്ത് ടാക്‌സിയെത്തും.
എന്‍ജിന്‍ സ്വീഡനില്‍നിന്ന്
പത്ത് സീറ്റുകളോടെ ആകര്‍ഷകമായി രൂപകല്പന ചെയ്ത ചെറു ബോട്ടുകളാണ് നീറ്റിലിറങ്ങുന്നത്. ഇതില്‍ ഒരു ഡ്രൈവര്‍ കം സ്രാങ്ക്, ലാസ്‌കര്‍ തുടങ്ങി മൂന്ന് ജീവനക്കാരുണ്ടാകും. ജലഗതാഗത വകുപ്പിനു കീഴില്‍ അരൂരിലെ ഷിപ് യാര്‍ഡിലാണ് ബോട്ടുകള്‍ നിര്‍മിച്ചത്. കുസാറ്റിന്റേതാണ് രൂപകല്പന. ആദ്യ ബോട്ട് കഴിഞ്ഞദിവസം നീറ്റിലിറക്കി.
സ്വീഡനില്‍നിന്ന് എത്തിച്ച പ്രത്യേക എന്‍ജിനാണ് ബോട്ടില്‍ ഉപയോഗിച്ചിട്ടുള്ളത്. മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ (35 കിലോമീറ്റര്‍) വേഗമാര്‍ജിക്കാനാകും. ഉള്ളിലെ ലൈറ്റുകളും മറ്റും പ്രവര്‍ത്തിക്കുക സൗരോര്‍ജത്തിലാണ്. 70 ലക്ഷം രൂപയോളമാണ് ഒരു ബോട്ടിന്റെ നിര്‍മാണച്ചെലവ്. ബോട്ടുകളില്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
Content Highlights: India's First Water Taxi Service In Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..