പ്രതീകാത്മക ചിത്രം | Photo: AFP
ലോക വാഹനവിപണിയില്‍ ആദ്യമായി ഇന്ത്യ മൂന്നാംസ്ഥാനത്തെത്തി. 2022 ല്‍ 42 ലക്ഷം പുതിയ വാഹനങ്ങളാണ് ജപ്പാനില്‍ വിറ്റഴിഞ്ഞത്. ഇന്ത്യയില്‍ പ്രാഥമിക കണക്കുകള്‍ പ്രകാരമിത് 42.5 ലക്ഷത്തിലെത്തിയതായി 'നിക്കി ഏഷ്യ'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹനനിര്‍മാതാക്കളുടെ സംഘടനയായ സിയാമിന്റെ 2022 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കുപ്രകാരം 41.3 ലക്ഷം വാഹനങ്ങള്‍ ഇന്ത്യയില്‍ നിരത്തിലിറക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ കൂടി ചേരുമ്പോള്‍ ഇത് 42.5 ലക്ഷത്തിലെത്തി. മറ്റു കമ്പനികളുടെ ഡിസംബറിലെ കണക്കുകൂടി ഇതില്‍ ചേര്‍ക്കേണ്ടതുണ്ട്. ഒക്ടോബര്‍ ഡിസംബര്‍ കാലത്തെ അന്തിമ കണക്കു വരുന്നതോടെ മൊത്തം വില്‍പ്പന ഇതിലും ഉയര്‍ന്നതായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
2021 ലെ കണക്കനുസരിച്ച് ചൈനയാണ് വാഹന വില്‍പ്പനയില്‍ മുന്നിലുള്ള രാജ്യം. കഴിഞ്ഞ വര്‍ഷം 2.63 കോടി വാഹനങ്ങളാണ് ചൈനയില്‍ വിറ്റഴിച്ചത്. രണ്ടാമതുള്ള അമേരിക്കയില്‍ 1.54 കോടി പുതിയ വാഹനങ്ങള്‍ നിരത്തിലെത്തി. മൂന്നാമതായിരുന്ന ജപ്പാനില്‍ 44.4 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ ചാഞ്ചാട്ടമാണുള്ളത്. 2018 ല്‍ 44 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞിരുന്നു. എന്നാല്‍ 2019 ല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ വായ്പാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലിത് 40 ലക്ഷമായി ചുരുങ്ങി. കോവിഡ് വ്യാപനം 2020 ലെ വില്‍പ്പന കുറച്ചു. 30 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് 2020 ല്‍ വിറ്റഴിഞ്ഞത്. 2021 ല്‍ വില്‍പ്പന 40 ലക്ഷത്തിലേക്കെത്തി. എങ്കിലും ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ഉത്പാദനം പൂര്‍ണതോതിലാക്കാന്‍ കഴിയാതിരുന്നതിനാല്‍ വില്‍പ്പന വളര്‍ച്ച കുറവായിരുന്നു.
ബ്രിട്ടീഷ് ഗവേഷണ ഏജന്‍സിയായ യൂറോ മോണിറ്ററിന്റെ 2021 ലെ കണക്കുപ്രകാരം 8.5 ശതമാനം കുടുംബങ്ങള്‍ക്കു മാത്രമാണ് ഇന്ത്യയില്‍ വാഹനങ്ങളുള്ളത്. അതുകൊണ്ടുതന്നെ വാഹനമേഖലയ്ക്ക് വരും വര്‍ഷങ്ങളില്‍ വലിയ വിപണി സാധ്യതയാണ് ഇന്ത്യയിലുള്ളതെന്നും നിക്കി ഏഷ്യ ചൂണ്ടിക്കാട്ടുന്നു. ജപ്പാനില്‍ 2021 നെ അപേക്ഷിച്ച് ഈ വര്‍ഷം വാഹന വില്‍പ്പനയില്‍ 5.6 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. 1990 ലാണ് ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിച്ചത്. 77.7 ലക്ഷം. 2006 ല്‍ ചൈന ജപ്പാനെ പിന്തള്ളി രണ്ടാമതായി. 2009 ല്‍ അമേരിക്കയെ മറികടന്ന് ഒന്നാമതുമെത്തി.
Content Highlights: India is now the 3rd largest car market in the world
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..