തിരുവനന്തപുരം: ഉടമയുടെ സൗകര്യാര്‍ഥം പുതിയ വാഹനങ്ങള്‍ സംസ്ഥാനത്തെവിടെയും രജിസ്റ്റര്‍ ചെയ്യാനുള്ള കേന്ദ്രനിയമത്തിലെ ഭേദഗതി നടപ്പാക്കാന്‍ നടപടിക്രമങ്ങളേറെ. ഗതാഗതവകുപ്പിന്റെ വാഹന രജിസ്ട്രേഷന്‍ നിയമത്തില്‍ മാറ്റംവരുത്തണം. ഇപ്പോള്‍ ഉടമയുടെ സ്ഥിരമേല്‍വിലാസമുള്ള പരിധിയിലെ ആര്‍.ടി. ഓഫീസിലാണ് വാഹനം റജിസ്റ്റര്‍ ചെയ്യേണ്ടത്.

ഇതു മാറ്റണമെങ്കില്‍ വാഹന രജിസ്‌ട്രേഷന്‍ സോഫ്റ്റ്‌വെയറില്‍ മാറ്റംവരുത്തണം. ഇപ്പോള്‍ മറ്റ് ഓഫീസുകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാനാവില്ല. പുതിയതായി രൂപവത്കരിച്ച വര്‍ക്കല ഉള്‍പ്പടെ 80 ഓഫീസുകളാണുള്ളത്. ഇവയ്‌ക്കെല്ലാം പ്രത്യേക രജിസ്ട്രേഷന്‍ ശ്രേണിയുണ്ട്. വാഹന ഉടകള്‍ക്ക് പ്രിയം കെ.എല്‍ 01 മുതല്‍ 14 വരെയുള്ള ജില്ലാ ആസ്ഥാനങ്ങളിലെ രജിസ്ട്രേഷനാണ്.

നിയന്ത്രണമില്ലാതെ രജിസ്ട്രേഷന്‍ അനുവദിച്ചാല്‍ ചില ഓഫീസുകളില്‍ അപേക്ഷകള്‍ കൂടാനിടയുണ്ട്. അതിനാല്‍ രജിസ്ട്രേഷന്‍ നടപടികള്‍ അപേക്ഷ ലഭിക്കുന്ന ഓഫീസില്‍ പൂര്‍ത്തിയാക്കുകയും ഉടമയുടെ മേല്‍വിലാസ പരിധിയിലുള്ള ആര്‍.ടി.ഓഫീസിലെ രജിസ്ട്രേഷന്‍ സീരിസ് അനുവദിക്കുന്നതും പരിഗണിക്കുന്നുണ്ട്.

Content Highlights; new vehicle registration in any rto office, new registration rules and criteria