അങ്കമാലി: രജിസ്ട്രേഷന്‍ നടത്താതെ വ്യാജ നമ്പര്‍ പതിച്ച് ഓടിയിരുന്ന വാഹനം അങ്കമാലിയില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. പുതിയ വാഹനം വാങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും രജിസ്ട്രേഷന്‍ നടത്താതെ ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതുവരെ 12,500 കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. ചാലക്കുടി ആര്‍.ടി. ഓഫീസില്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ലഭിക്കാവുന്ന നമ്പറാണ് ജീപ്പില്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ ചാലക്കുടിയില്‍ ഈ വാഹനം രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

ചാലക്കുടി പരിയാരം സ്വദേശി മേജറ്റ് വര്‍ഗീസാണ് വാഹന ഉടമയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അങ്കമാലി സബ് ആര്‍.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാനവാസ് ഖാന്റെ നേതൃത്വത്തിലാണ് വ്യാജ നമ്പര്‍ പതിച്ച ജീപ്പ് പിടികൂടിയത്. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ജീപ്പ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ദേശീയപാതയില്‍ അങ്കമാലി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനു സമീപത്തു വച്ചാണ് പിടികൂടിയത്. വാഹനത്തിന്റെ മുന്‍വശത്ത് കെ.എല്‍.-64 എഫ്. 8055 എന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഫാന്‍സി ലെവലില്‍ കെ.എല്‍. 64 എഫ്. ബോസ് എന്ന് ഇംഗ്ലീഷില്‍ വായിക്കാനാവും വിധമാണ് എഴുതിയിരുന്നത്. മേജറ്റ് വര്‍ഗീസിനെ വിമാനത്താവളത്തില്‍ കൊണ്ടുചെന്നാക്കിയ ശേഷം പിതാവ് വര്‍ഗീസും രണ്ട് ബന്ധുക്കളും കൂടി ചാലക്കുടിയിലേക്ക് ജീപ്പില്‍ മടങ്ങിവരുമ്പോഴാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടി വീഴുന്നത്.

മേജറ്റ് വര്‍ഗീസ് ഗള്‍ഫിലേക്കു പോയി. വാഹനം ഓടിച്ചിരുന്ന വര്‍ഗീസിന്റെ പക്കല്‍ ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തിന്റെ ടയറുകള്‍ ഓവര്‍സൈസ് ടയറുകളാക്കിയാണ് ഘടിപ്പിച്ചിരിക്കുന്നത്. പ്രകാശ തീവ്രത കൂടിയ ഹെഡ് ലൈറ്റുകള്‍ പിടിപ്പിച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി വാഹനം കസ്റ്റഡിയിലെടുത്തു.