തൃശ്ശൂര്‍: പ്രളയത്തില്‍ നശിച്ച വണ്ടികള്‍ക്ക് ഇന്‍ഷുറന്‍സ് തുക മാത്രമല്ല റോഡ് നികുതിയും തിരികെ കിട്ടും. നന്നാക്കിയെടുക്കാനാകാത്തവിധം നശിച്ച വാഹനങ്ങള്‍ക്കാണിത് ബാധകം. ടോട്ടല്‍ ലോസ് ഇനത്തില്‍പ്പെടുത്തിയ വാഹനങ്ങള്‍ക്ക് ഈയിനത്തില്‍ നികുതി തിരികെ കിട്ടുന്നതിന് അപേക്ഷിക്കാം. 

അപേക്ഷ സമര്‍പ്പിച്ച അന്നുമുതല്‍  അവശേഷിക്കുന്ന നികുതിത്തുകയാണ് കിട്ടുക. നിശ്ചിതഫോറത്തില്‍ ഓണ്‍ലൈനായി  അപേക്ഷിക്കണം. അതിനുമുമ്പേ രജിസ്‌ട്രേഷന്‍ റദ്ദാക്കണം. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് ആര്‍.ടി.ഒ. ഓഫീസില്‍ നേരിട്ടാണ് അപേക്ഷിക്കേണ്ടത്. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിന്റെ രേഖ ഓണ്‍ലൈനായി അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. 

എന്നാല്‍, റോഡ് നികുതി തിരികെ കിട്ടുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഏറെ സങ്കീര്‍ണമാണ്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ്  അപേക്ഷ കൈകാര്യം ചെയ്യുന്നത്. വാഹനം വാങ്ങുന്ന സമയത്ത് ഏത് അക്കൗണ്ടില്‍നിന്നാണോ നികുതിപ്പണം ഒടുക്കിയത് അതേ അക്കൗണ്ടിലേക്കാണ് തിരികെ കിട്ടുന്ന തുകയും എത്തുക.