വാഹനങ്ങളില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഗ്യാസ് ആന്‍ഡ് ഹൈഡ്രജന്‍ ബേസ്ഡ് മൊബിലിറ്റി എന്ന വിഷയവുമായി ബന്ധപ്പെട്ട് നടന്ന സെമിനാറിലാണ് ഹൈഡ്രജന്‍ ഇന്ധനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡിയും മറ്റ് ഇളവുകളും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈഡ്രജന്‍ ഫ്യുവല്‍ ഗതാഗത വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത് വഴി മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. 

ഹൈഡ്രജന്‍ ഇന്ധനത്തിന് പരമാവധി പിന്തുണ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയവും നീതി ആയോഗുമായും ചര്‍ച്ചകള്‍ നടത്തുമെന്നും കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത സംസാരിക്കവെ മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിട്ടുണ്ട്.

ഗതാഗത സംവിധാനങ്ങള്‍ക്ക് പുറമെ, റിഫൈനിങ്ങ്, സ്റ്റീല്‍, സിമെന്റ്, വളം, ഖനനം തുടങ്ങിയ വ്യവസായങ്ങള്‍ക്ക് കരുത്തേകാനും ഹൈഡ്രൈജന്‍ ഉപകരിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഹൈഡ്രജന്റെ ഉപയോഗം കാര്യക്ഷമമാക്കു ന്നതിനായി ഇത് സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി അറിയിച്ചു. 

രാജ്യത്തെ ഗതാഗത സംവിധാനങ്ങളില്‍ പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക് വാഹനങ്ങള്‍, ബയോ-സി.എന്‍.ജി, എല്‍.എന്‍.ജി, എഥനോള്‍, മെഥനോള്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ എന്നിവ എത്തിക്കുന്നതോടെ മലിനീകരണ മുക്തമായ ഗതാഗത സംവിധാനം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Content Highlights: Hydrogen Fuel, Transport Minister Nitin Gadkari, Clean Mobility