ഹൈഡ്രജൻ ഫ്യുവൽ സെൽ കാർ | Photo: Twitter/Nitin Gadkari
വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ ഇന്ധനമായി നല്കുന്ന സ്റ്റേഷന് രാജ്യത്താദ്യമായി ഗുജറാത്തിലെ വഡോദരയില്‍ തുടങ്ങുന്നു. സ്റ്റേഷന് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) അനുമതിനല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് (ഐ.ഒ.സി.) സ്റ്റേഷന് തുടങ്ങിയത്. വൈകാതെ കൊച്ചിയിലും ഗുജറാത്തിലെ ജാംനഗറിലും സ്ഥാപിക്കാന്‍ ആലോചനയുണ്ട്.
24 മണിക്കൂറില്‍ 75 ബസുകള്‍ക്ക് ഹൈഡ്രജന്‍ നിറയ്ക്കാവുന്ന സംവിധാനമാണ് വഡോദരയില്‍ തുടങ്ങുന്നത്. ടാറ്റയുടെ രണ്ടു ബസുകള്‍ വൈകാതെ ഓടിത്തുടങ്ങും. 99.9 ശതമാനം ശുദ്ധമായ ഹൈഡ്രജന്‍ ഐ.ഒ.സി.യുടെ ഗുജറാത്ത് റിഫൈനറിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വാഹനങ്ങളിലെ ഉപയോഗത്തിനായി ഇതുവീണ്ടും ശുദ്ധീകരിക്കും.
തീയോ ചോര്‍ച്ചയോ ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷാസംവിധാനങ്ങള്‍ സ്വയംപ്രവര്‍ത്തിക്കുന്ന രീതിയാണ് ഒരുക്കിയിരിക്കുന്നതെന്ന് പെസോ ജോയിന്റ് ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആര്. വേണുഗോപാല്‍ പറഞ്ഞു. രാജ്യത്ത്, വാഹനങ്ങളില്‍നിന്നുള്ള മലിനീകരണം വന്‍തോതില്‍ കുറയുമെന്നു പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ക്കാണു തുടക്കമിടുന്നത്.
ഹൈഡ്രജന്‍ ഉത്പാദനത്തില്‍ രാജ്യത്തെ ആഗോളഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇന്ധനക്ഷമതയും കൂടുതലുണ്ട്. ഇന്ത്യയില്‍ ആദ്യമായതിനാല്‍ കംപ്രസര്‍, വലിയ സിലിന്‍ഡറുകള്‍ തുടങ്ങിയവയെല്ലാം അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. വാഹനങ്ങളിലും പ്രത്യേകടാങ്കുകള്‍ വേണ്ടിവരും. തുടക്കമായതിനാല്‍ ഇതിനു വന്‍ ചെലവുണ്ട്. ഉത്പാദനവും ആവശ്യവും കൂടുന്നതോടെ ചെലവു കുറയുമെന്നാണു പ്രതീക്ഷ.
തുടക്കത്തിലെ ചെലവാണ് വ്യാപകമായി ഹൈഡ്രജന്‍ സ്റ്റേഷനുകള്‍ വരാനുള്ള തടസ്സം. വഡോദരയിലെ ഹൈഡ്രജന്റെ നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹൈഡ്രജന്‍ കാറില്‍ കേന്ദ്ര ഗതാഗതമന്ത്രി നിധിന് ഗഡ്കരി പാര്‍ലമെന്റിലെത്തിയത് വാര്‍ത്തയായിരുന്നു. അദ്ദേഹം ഉപയോഗിച്ച ടൊയോട്ട മിറായ് കാര്‍ ഇന്ത്യന്‍ വിപണിയിലെത്തിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..