കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏറ്റവുമധികം പ്രയത്‌നിക്കുന്ന രണ്ട് വിഭാഗങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകരും പോലീസ് സേനയും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ മുന്‍കരുതലുകള്‍ ഉണ്ടെങ്കിലും പോലീസ് സേനയുടെ കാര്യത്തില്‍ ഇത് വളരെ പരിമിതമാണ്. ഈ സാഹചര്യത്തില്‍ പോലീസ് സേനയുടെ സുരക്ഷ ഉറപ്പാക്കി കൈയടി നേടുകയാണ് ഹൈദരാബാദ് പോലീസ്. 

പോലീസ് വാഹനങ്ങളും മറ്റും അണുവിമുക്തമാക്കിയാണ് ഹൈദരാബാദ് പോലീസ് പ്രശംസ നേടുന്നത്. ഹൈദരാബാദിലെ മുന്‍നിര ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് ഗ്രൂപ്പായ മഹാവീര്‍ ഗ്രൂപ്പാണ് പോലീസ് വാഹനങ്ങള്‍ അണുവിമുക്തമാക്കാനുള്ള സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തെലുങ്കാനയില്‍ മുഴുവന്‍ ഈ പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നുണ്ട്. 

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലാണ് നമ്മുടെ പോലീസുകാര്‍. പരിമിതമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടാണ് പോലീസ് വാഹനങ്ങളും പട്രോളിങ്ങ് വാഹനങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിയുമായി മഹാവീര്‍ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പട്രോളിങ്ങ് ശക്തമാക്കിയതോടെ പലപ്പോഴും സ്വന്തം സുരക്ഷ നോക്കാതെ പോലീസിന് ജോലി ചെയ്യേണ്ടിവരുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് പോലീസ് വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ മഹാവീര്‍ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹൈദരബാദ് പോലീസ് കമ്മീഷണര്‍അഞ്ജനി കുമാര്‍ പറഞ്ഞു. 

പോലീസ് വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതിനായി 10 പേരുടെ ടീമിനെയാണ് മഹാവീര്‍ ഗ്രൂപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കായി മൂന്ന് മൊബൈല്‍ വാനുകളും നാല് ഇരുചക്ര വാഹനങ്ങളും നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് പോലീസിന്റെ 15 പട്രോള്‍ വാഹനവും അഞ്ച് ഇരുചക്ര വാഹനങ്ങളും അണുവിമുക്തമാക്കണമെന്നാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

Source: NDTV Car and Bike

Content Highlights: Hyderabad Police Vehicle Sanitized By Mahavir Group