രാജ്യം മുഴുവന്‍ കൊറോണ വൈറസ് എന്ന മഹാമാരിയെ പേടിച്ച് കഴിയുമ്പോള്‍ ഇപ്പോഴും അതിന്റെ ഗൗരവം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരുപറ്റം ആളുകള്‍ നമുക്കിടയിലുണ്ട്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ഹോട്ടല്‍ ഉടമയുടെ കാര്‍ യാത്രയുടെ വീഡിയോ.

മുംബൈയിലെ നഗരത്തിലൂടെ തന്റെ കാറില്‍ പോലീസിന്റെ സൈറണ്‍ പിടിപ്പിച്ചാണ് മുംബൈയിലെ പ്രശസ്തമായ റെസ്റ്റോറെന്റായ കൂളറിന്റെ ഉടമ അലി നഗരം ചുറ്റാനിറങ്ങിയത്. സൈറണ്‍ ഇട്ട് പോകുന്നതിന്റെ വീഡിയോ കാറിനുള്ളില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്. ഇടക്ക് അലി കൊറോണ കൊറോണ എന്ന പറഞ്ഞ് ചിരിക്കുന്നതും ഇതിലുണ്ട്.

മാസ്‌ക് വെച്ചാണ് അലിയുടെ ഡ്രൈവിങ്ങ്. വാഹനത്തിന്റെ ഡോറിന്റെ സൈഡിലായി സൈറണിന്റെ സ്പീക്കറും കാണാന്‍ സാധിക്കും. തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയായിരുന്നു. ഇതേതുടര്‍ന്ന് അലിയെ മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. 

പോലീസ് കസ്റ്റഡിയില്‍ ആയതിന് ശേഷമുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ട്രെന്റിങ്ങാണ്. എനിക്ക് തെറ്റുപറ്റിപ്പോയി, ഇനിയൊരിക്കലും ഞാന്‍ ഇത് ആവര്‍ത്തിക്കില്ല. ഞാന്‍ ചെയ്തത് കണ്ട് ആരും ലോക്ക് ഡൗണ്‍ ലംഘിച്ച് വാഹനവുമായി നിരത്തിലിറങ്ങരുതെന്നും അലി തന്റെ രണ്ടാമത്തെ വീഡിയോയില്‍ പറയുന്നുണ്ട്.

ഇന്ത്യയില്‍ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് മുംബൈ. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ ഇവിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും കനത്ത സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിരുന്നതാണ്. ആദ്യഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പിന്നീട് കുറയുകയായിരുന്നു.

Content Highlights: Hotel Owner Held For Using Police Siren In His Car