യൂറോപ്പിലെ ഡീസല്‍ വാഹന വില്‍പന 2021ഓടെ അവസാനിപ്പിക്കാന്‍ ഹോണ്ട തീരുമാനിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഡീസല്‍ വാഹനങ്ങളോട് ഹോണ്ട വിടപറയുന്നത്. മലിനീകരണം കുറയ്ക്കാന്‍ 2025ഓടെ യൂറോപ്യന്‍ നിരത്തിലെ എല്ലാ കാറുകളും ഇലക്ട്രിക്കിലേക്ക് മാറ്റാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. 

യൂറോപ്യന്‍ യൂണിയന്റെ മലിനീകരണ നിയന്ത്രണം ലക്ഷ്യ പ്രകാരം അടുത്ത വര്‍ഷത്തോടെ നിരത്തിലോടുന്ന 95 ശതമാനം കാറുകളും പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈസിന്റെ അളവ് കിലോമീറ്ററില്‍ 95 ഗ്രാമായി കുറയ്ക്കണം, നിലവില്‍ ഇത് ശരാശരി 120.5 ഗ്രാമാണ്. 

യൂറോപ്പില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞതും മലിനീകരണ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കിയതും ഹോണ്ടയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 2021ഓടെ ബ്രിട്ടീഷ് കാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഹോണ്ട നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍മാണ ചിലവ് 10 ശതമാനത്തോളം കുറയ്ക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കാര്‍ മോഡലുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ഹോണ്ട തീരുമാനിച്ചിട്ടുണ്ട്.

Content Highlights; honda to cease diesel vehicle sales in europe by 2021