ന്ത്യയിലെ ഇലക്ട്രിക് വാഹന ഉദ്യമത്തിന് കരുത്തന്‍ പിന്തുണയുമായി ഹോണ്ട മോട്ടോര്‍ കമ്പനി. ഹോണ്ട പവര്‍ പാക്ക് ഉപയോഗിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ ടാക്‌സികള്‍ക്ക് ബാറ്ററി പങ്കുവയ്ക്കുന്ന സംവിധാനമാണ് ഹോണ്ട ആരംഭിക്കാനൊരുങ്ങുന്നത്. 2022-ന്റെ ആദ്യ പകുതിയില്‍ ഈ പദ്ധതി ആരംഭിക്കുമെന്നാണ് ഹോണ്ട അറിയിച്ചിട്ടുള്ളത്. പ്രകൃതി സൗഹാര്‍ദമായ ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹോണ്ടയുടെ ഈ പദ്ധതി.

നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, കുറഞ്ഞ റേഞ്ച്, കൂടുതല്‍ ചാര്‍ജിങ്ങ് സമയം, ബാറ്ററികളുടെ ഉയര്‍ന്ന വില തുടങ്ങിയവയാണ് ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലെ വെല്ലുവിളി. കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന ബാറ്ററികള്‍ ഒരുങ്ങുന്നതോടെ ഈ മൂന്ന് വെല്ലുവിളികളും ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് ഈ പദ്ധതിയിലൂടെ ഹോണ്ട ലക്ഷ്യമാക്കുന്നത്. 

നഗര പ്രദേശത്ത് ഓടുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ഏറ്റവും അടുത്തുള്ള ബാറ്ററി ചേഞ്ചിങ്ങ് സ്‌റ്റേഷനില്‍ എത്തി ചാര്‍ജ് കുറഞ്ഞ ബാറ്ററി മാറ്റി പകരം പൂര്‍ണമായും ചാര്‍ജ് ചെയ്ത് ബാറ്ററി വാഹനത്തില്‍ ഘടിപ്പിച്ച് ഓടാനുള്ള സംവിധാനമാണ് ഹോണ്ടയുടെ ഈ ബാറ്ററി ഷെയറിങ്ങ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചാര്‍ജ് ചെയ്യുന്നതിലെ ആശങ്ക ഒഴിയുന്നതിനൊപ്പം ചാര്‍ജിങ്ങ് സമയത്തിന്റെ പേരില്‍ ഓട്ടം നഷ്ടമാകാതിരിക്കാനും ഈ സംവിധാനം സഹായിക്കും.

സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി ബാറ്ററി ഷെയറിങ്ങിനായി പ്രദേശിക കേന്ദ്രങ്ങള്‍ തുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഹോണ്ട മോബൈല്‍ പവര്‍പാക്ക് എക്‌സ്‌ചേഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ബാറ്ററി സേവനങ്ങള്‍ ഉറപ്പാക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഓട്ടോറിക്ഷ നിര്‍മാതാക്കളുമായി സഹകരിച്ച് രാജ്യത്തെ ഏതാനും തിരഞ്ഞെടുത്ത നഗരങ്ങളിലായിരിക്കും ഈ പദ്ധതി ആദ്യം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ എമിഷന്‍ വലിയ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വൈദ്യുതി വാഹനങ്ങള്‍ എത്തുന്നതോടെ ഇത് ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 80 ലക്ഷത്തോളം ഓട്ടോറിക്ഷകള്‍ മാത്രം ഓടുന്നുണ്ട്. ഇതില്‍ നഗരപ്രദേശങ്ങളില്‍ പ്രധാനമായും സി.എന്‍.ജി. ഓട്ടോറിക്ഷയാണ് നിരത്തുകളില്‍ ഉള്ളത്.

Content Highlights: Honda to Begin Battery Sharing Service for Electric Tricycle Taxis in India