മുന്‍നിര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ പുതിയ സിവിക്, സി.ആര്‍.-വി. മോഡലുകള്‍ ഈ വര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലെത്തും. ഹോണ്ട കാര്‍സ് ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍  മകോതോ ഹയോദ അറിയിച്ചതാണ് ഇക്കാര്യം. 

പ്രീമിയം സെഡാനായ സിവിക്കിന്റെയും കോംപാക്ട് എസ്.യു.വിയായ സി.ആര്‍.-വിയുടെയും പുതുതലമുറ മോഡലായിരിക്കും കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. എന്നാല്‍, ഇതെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. അതിനിടെ, കമ്പനിയുടെ രണ്ടാം തലമുറ അമേസ് കേരള വിപണിയില്‍ അവതരിപ്പിച്ചു. 

കൂടുതല്‍ കരുത്തുറ്റ ഡിസൈന്‍, വിസ്തൃതിയേറിയ ഉള്‍വശം, കാര്യക്ഷമമായ പവര്‍ ട്രെയിന്‍, ആധുനിക ഫീച്ചറുകള്‍, സുരക്ഷാ സാങ്കേതികവിദ്യകള്‍ എന്നിവയുമായാണ് അമേസ് എത്തുന്നത്. 1.2 ലിറ്റര്‍ ഐ-വി ടെക് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഐ-ഡി ടെക് ഡീസല്‍ എന്‍ജിനിലുമാണ് പുതിയ അമേസ് അവതരിപ്പിച്ചിരിക്കുന്നത്. ഡീസലില്‍ ലിറ്ററിന് 27.4 കിലോമീറ്ററും പെട്രോളില്‍ 19.5 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 

Amaze

ഡീസലില്‍ കമ്പനി ആദ്യമായി സി.വി.ടി. (ഓട്ടോമാറ്റിക്) മോഡല്‍ അവതരിപ്പിക്കുകയാണ്. പെട്രോളിലും സി.വി.ടി. ലഭ്യമാണ്. വില 5.59 ലക്ഷം രൂപ മുതല്‍. ഡീസല്‍ പതിപ്പിന് 6.69 ലക്ഷം രൂപ മുതലാണ് വില. സി.വി.ടി. മോഡലുകള്‍ക്ക് 7.39 ലക്ഷം മുതല്‍ 8.99 ലക്ഷം രൂപ വരെ. 

പുതിയ അമേസ് എത്തുന്നതോടെ വില്‍പ്പന വന്‍തോതില്‍ കൂടുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. അമേസിനു പിന്നാലെ പുതിയ സി.ആര്‍.-വി., സിവിക് എന്നിവ കൂടി എത്തുന്നതോടെ ഈ വര്‍ഷം രണ്ടക്ക വളര്‍ച്ച കൈവരിക്കാനാകുമെന്ന് മകോതോ ഹയോദ പ്രതീക്ഷ പ്രകടിപ്പിച്ചു. 

# ഹോണ്ട സി.ആര്‍.വി.

CRV

ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് എസ്.യു.വി.കളിലൊന്നെന്ന് അവകാശപ്പെടാവുന്നതാണ് സി.ആര്‍.വി. ഇന്ത്യയില്‍ കോംപാക്ട് എസ്.യു.വി. തരംഗം വ്യാപിക്കുമ്പോഴായിരുന്നു സി.ആര്‍.വി.യുടെ വരവ്. കഴിഞ്ഞ വര്‍ഷമായിരുന്നു പുതിയ സി.ആര്‍.വി.യെ ആഗോളവ്യാപകമായി പ്രഖ്യാപിച്ചത്. കടന്നുപോയ സി.ആര്‍.വി.യെക്കാളും വളരെയധികം മാറ്റങ്ങള്‍ പുതിയ തലമുറയിലുണ്ട്. വലുപ്പത്തില്‍ മാറ്റമൊന്നുമില്ലെങ്കിലും അകത്തെ വലിയ ടച്ച് സ്‌ക്രീനാണ് പുതുമ. നാലാം തലമുറയുടെ എന്‍ജിന്‍ സ്പെസിഫിക്കേഷനാണ് അഞ്ചാം തലമുറയും പിന്തുടരുന്നത്. 154 ബി.എച്ച്.പി. കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ ഐ.വി. ടെക് എന്‍ജിനും 184 ബി.എച്ച്.പി. കരുത്ത് നല്‍കുന്ന 2.4 ലിറ്റര്‍ ഐ.വി. ടെക് എന്‍ജിനുമാണുള്ളത്.

# ഹോണ്ട സിവിക്

Civic

ഏഴാംതലമുറ സിവിക് ആണ് ഹോണ്ട ഇന്ത്യയിലേക്കെത്തിക്കുന്നത്. ഇങ്ങോട്ട് അവസാനമായി വന്നത് അഞ്ചാം തലമുറ സിവിക് ആണ്. ആറാം തലമുറ ഇന്ത്യയിലേക്ക് കമ്പനി കൊണ്ടുവന്നില്ല. എന്നാല്‍, ഇപ്പോള്‍ പ്രീമിയം സെഡാനുകള്‍ക്ക് ഇന്ത്യയിലെ മാര്‍ക്കറ്റ് കണ്ടുകൊണ്ടാണ് സിവിക്കുമായി വീണ്ടും വരുന്നത്. ഇപ്പോള്‍ സ്‌കോഡ ഒക്ടോവിയ, ഹ്യുണ്ടായി എലാന്‍ട്ര, ടൊയോട്ട കൊറോള ആള്‍ട്ടിസ് എന്നിവയായിരിക്കും ഇന്ത്യയിലെ പ്രധാന എതിരാളികള്‍. കൂള്‍ ആന്‍ഡ് എലഗന്റ് എന്നാണ് കമ്പനി പുതിയ സിവിക്കിനെക്കുറിച്ച് പറയുന്നത്. ഹോണ്ടയുടെ പുതിയ ഡിസൈന്‍ തന്നെയായിരിക്കും ഇതിലും പിന്തുടരുകയെന്ന് കമ്പനി പറയുന്നു. സ്പെസിഫിക്കേഷനിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. 

Content Highlights; Honda Amaze And Civic Coming Soon