കാതടപ്പിക്കുന്ന ശബ്ദവുമായി ഐ.ടി. നഗരത്തില്‍ മൂന്നു ദിവസമായി കറങ്ങിയിരുന്ന 'കാര്‍ വിമാനം' ഒടുവില്‍ പിടിയില്‍. വിമാനത്തിന്റേതെന്നു തോന്നുന്ന ശബ്ദവുമായി അമിത വേഗത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് ഹൈവേയിലും കാക്കനാട്ടെ മറ്റ് റോഡുകളിലൂടെയും പാഞ്ഞ കാര്‍ നാട്ടുകാരുടെ ചെവി പൊട്ടിക്കുകയായിരുന്നു. 

ആളുകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എറണാകുളം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജേഷ് സി.സി. ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ കാര്‍ പിടിച്ചെടുത്തു. വരാപ്പുഴ സ്വദേശി വിനീതാണ് കാറിന്റെ സൈലന്‍സറില്‍ ഉള്‍പ്പെടെ രൂപമാറ്റം വരുത്തിയത്.

ഇയാളില്‍നിന്ന് 11,000 രൂപ പിഴ ഈടാക്കി. വീലുകളും സ്റ്റിയറിങ്ങും രൂപമാറ്റം വരുത്തിയിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. പിഴ ഈടാക്കിയ ശേഷം രണ്ട് ദിവസത്തിനകം രൂപമാറ്റം വരുത്തിയ ഭാഗങ്ങള്‍ പഴയപടിയാക്കി ആര്‍.ടി. ഓഫീസില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

രൂപമാറ്റങ്ങള്‍ വരുത്തുന്ന ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് എറണാകുളം ആര്‍.ടി. ഒ. പി.എം. ഷബീര്‍ വ്യക്തമാക്കി.

Content Highlights: Highly modified car caught by motor vehicle department, Heavy sound, upsized tyre, car modification