വാഹനങ്ങളുടെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നഷ്ടമായാല്‍ പോലീസ് കേസാകും. പുതിയ വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ദുരുപയോഗംചെയ്യുന്നത് തടയാനാണ് നടപടി. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. നമ്പര്‍പ്ലേറ്റ് നഷ്ടമായാല്‍ വാഹനയുടമ പോലീസില്‍ പരാതി നല്‍കണം.

എഫ്.ഐ.ആര്‍. പകര്‍പ്പ്

അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വാഹനത്തില്‍നിന്ന് വേര്‍പെടുത്താനോ പുതിയവ വച്ചുപിടിപ്പിക്കാനോ പാടില്ലെന്നാണ് നിയമം. ഏതെങ്കിലുംവിധത്തില്‍ നഷ്ടമായാല്‍ പോലീസില്‍ അറിയിക്കേണ്ട ചുമതല വാഹനയുടമയ്ക്കുണ്ട്. എഫ്.ഐ.ആറിന്റെ പകര്‍പ്പുസഹിതം അപേക്ഷിച്ചാല്‍ മാത്രമേ പുതിയ നമ്പര്‍പ്ലേറ്റ് ലഭിക്കൂ.

വാഹനഡീലറെയാണ് ഇതിന് സമീപിക്കേണ്ടത്. അപകടത്തില്‍ നമ്പര്‍പ്ലേറ്റ് തകര്‍ന്നതാണെങ്കില്‍ പഴയത് ഹാജരാക്കി പുതിയത് വാങ്ങാം. വില ഈടാക്കും. കേടായ നമ്പര്‍പ്ലേറ്റിന്റെ വിശദാംശങ്ങള്‍ പരിവാഹന്‍ എന്ന വെബ്സൈറ്റിലേക്കും നല്‍കണം. രജിസ്റ്ററും സൂക്ഷിക്കണം. 2019 ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്.

മാര്‍ഗനിര്‍ദേശങ്ങള്‍

ഇരുചക്രവാഹനങ്ങളില്‍ തകരാര്‍ സംഭവിച്ച നമ്പര്‍പ്ലേറ്റ് മാത്രമായി മാറി നല്‍കും. കാറുകള്‍ മുതലുള്ള വാഹനങ്ങള്‍ക്ക് മുന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സുരക്ഷാമുദ്രണമുള്ള സ്റ്റിക്കറും അതിസുരക്ഷാ നമ്പര്‍ബോര്‍ഡിന്റെ ഭാഗമാണ്. നമ്പര്‍ബോര്‍ഡുകളുടെ സീരിയല്‍ നമ്പരുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഒരു നമ്പര്‍ബോര്‍ഡ് മാറ്റേണ്ടിവന്നാല്‍ ഗ്ലാസിലെ സ്റ്റിക്കറും മാറ്റണം. മുന്‍വശത്തെ ഗ്ലാസ് മാറ്റുമ്പോള്‍ പകരം സ്റ്റിക്കര്‍ വീണ്ടും പതിക്കണം.

ഗ്ലാസില്‍പതിക്കുന്ന സ്റ്റിക്കറിനെ തേര്‍ഡ് രജിസ്‌ട്രേഷന്‍ പ്ലേറ്റായിട്ടാണ് പരിഗണിക്കുന്നത്. ഇതില്ലെങ്കിലും കേസെടുക്കാം. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വാഹനങ്ങളില്‍ വച്ചുപിടിപ്പിക്കേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്. ബോര്‍ഡുകള്‍ ഉടമയ്ക്ക് കൈമാറുന്നതും നിയമവിരുദ്ധമാണ്.

തറയ്ക്കുന്നതിനുപകരം നട്ടുംബോള്‍ട്ടും ഇട്ട് നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചാലും കുറ്റകരമാണ്. പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉടന്‍ ഇറങ്ങും.

Content Highlights: High Security Number Plates In Vehicles