സംസ്ഥാനത്തെ വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തടഞ്ഞു. അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാതെ പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കി. എം. പരിവാഹന്‍ വെബ്‌സൈറ്റില്‍നിന്നും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അച്ചടിക്കുന്നത് തടയുകയും ചെയ്തു.

ഏപ്രില്‍ ഒന്നുമുതലാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസംവരെ വാഹന ഉടമകള്‍ക്ക് രജിസ്‌ട്രേഷന്‍ രേഖകള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, വ്യാഴാഴ്ച മുതല്‍ പ്രിന്റിങ് തടസ്സപ്പെട്ടു. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കാനുള്ള സംവിധാനമില്ലെങ്കില്‍ വാഹനവില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഡീലര്‍മാരോട് മോട്ടോര്‍വാഹനവകുപ്പ് ആവശ്യപ്പെട്ടേക്കും. 

നമ്പര്‍പ്ലേറ്റ് തയ്യാറാക്കാനുള്ള ഏജന്‍സികളെ നിയോഗിക്കുന്നതില്‍ വാഹനനിര്‍മാതാക്കളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഡീലര്‍മാര്‍ പറയുന്നത്. പുതിയ നിബന്ധനപ്രകാരം വാഹനനിര്‍മാതാക്കളാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കേണ്ടത്. പുതിയ നിയമപ്രകാരം നമ്പര്‍പ്‌ളേറ്റ് വാഹനത്തിന്റെ ഭാഗമാണ്. 

അതിനാല്‍, നമ്പര്‍പ്‌ളേറ്റ് നല്‍കേണ്ട ചുമതലയും വാഹനനിര്‍മാതാക്കള്‍ക്കായി. വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിച്ചശേഷം ഡീലര്‍മാരാണ് നമ്പര്‍പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത്. എന്നാല്‍ സംസ്ഥാനത്ത് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനം ഭൂരിഭാഗം വാഹനിര്‍മാതാക്കളും സജ്ജീകരിച്ചിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏജന്‍സികളെ നമ്പര്‍പ്ലേറ്റ് തയാറാക്കുന്നതിന് നിയോഗിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടേയുള്ളൂ. ഷോറൂമുകളില്‍ നിന്നും താത്കാലിക രജിസ്‌ട്രേഷനിലാണ് വാഹനങ്ങള്‍ വില്‍ക്കുന്നത്. മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധന കഴിയുമ്പോള്‍ സ്ഥിരം രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിക്കും. 

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കുമ്പോള്‍ പത്തക്ക സുരക്ഷാകോഡ് ലഭിക്കും. ഈ കോഡ് നമ്പര്‍ എം.പരിവാഹനന്‍ സൈറ്റില്‍ നല്‍കിയാല്‍ മാത്രമേ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അച്ചടിക്കാന്‍ കഴിയുകുള്ളൂ.

Content Highlights: High Security Number Plate, Vehicle Registration