പൊളിക്കല്‍നയത്തിന്റെ ഭാഗമായി പഴയവാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കും. ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ പെര്‍മിറ്റ് പുതുക്കല്‍ പരിശോധനയ്‌ക്കെത്തുന്ന വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വേണം. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗരേഖയിലാണ് കേന്ദ്രം ഇക്കാര്യം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 

ആറുമാസംമുമ്പ് പ്രസിദ്ധീകരിച്ച കരടുരേഖയില്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് അന്തിമവിജ്ഞാപനമിറക്കിയത്. പൊളിക്കല്‍നയത്തിന്റെ ഭാഗമായി വാഹനങ്ങള്‍ പരിശോധിക്കേണ്ട ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ ഘടനയും പ്രവര്‍ത്തനരീതിയും ഇതില്‍ വിശദീകരിക്കുന്നുണ്ട്. 

വാഹനത്തിന്റെ സാങ്കേതികക്ഷമത ഉറപ്പുവരുത്തുന്നതിന് 38 ഇനം പരിശോധനകള്‍ നടത്തണം. റോളര്‍ ബ്രേക്ക് ടെസ്റ്റ്, സ്ലൈഡ് സ്ലിപ് ടെസ്റ്റ്, സസ്‌പെന്‍ഷന്‍ ടെസ്റ്റ്, ജോയന്റ് പ്ലേ ടെസ്റ്റ്, സ്പീഡോ മീറ്റര്‍ ടെസ്റ്റ് തുടങ്ങിയവ ഉള്‍പ്പെടും. ലൈറ്റുകള്‍ക്കുള്ളില്‍ ഈര്‍പ്പം പാടില്ല. സൈലന്‍സര്‍, ബ്രേക്ക് ലൈന്‍, എന്‍ജിന്‍ ഓയില്‍, റേഡിയേറ്റര്‍ കൂളന്റ് എന്നിവയില്‍ ചോര്‍ച്ചയുണ്ടാകരുത്. വിന്‍ഡ്സ്‌ക്രീന്‍ മങ്ങരുത്. 

ടയര്‍ ത്രെഡിന്റെ അളവുവരെ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഹോണിന്റെ ശബ്ദവും ലൈറ്റുകളുടെ തീവ്രതയും പരിശോധിക്കപ്പെടും. ടെസ്റ്റുകളില്‍ പരാജയപ്പെട്ടാല്‍ 30 ദിവസത്തിനുള്ളില്‍ വീണ്ടും അപേക്ഷിക്കാം. പരാജയപ്പെട്ട ടെസ്റ്റുമാത്രം വീണ്ടും നടത്തിയാല്‍ മതി. ഫലത്തില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാം. 

രണ്ടുതവണ പരാജയപ്പെട്ടാല്‍ വാഹനം പൊളിക്കേണ്ടിവരുമെന്ന കരടുനിര്‍ദേശം അതേപടി അന്തിമവിജ്ഞാപനത്തിലുമുണ്ട്. ഇതില്‍ ലഭിച്ച പരാതികള്‍ കേന്ദ്രം നിരസിച്ചു. ടെസ്റ്റിങ് കേന്ദ്രങ്ങളെല്ലാം ഓണ്‍ലൈനില്‍ ബന്ധിപ്പിക്കും. പരിശോധനാഫലവും വാഹനത്തിന്റെ എന്‍ജിന്‍, ഷാസി നമ്പറുകളുടെ ഡിജിറ്റല്‍ പകര്‍പ്പ് കേന്ദ്രീകൃത കംപ്യൂട്ടര്‍ ശൃംഖലയിലേക്ക് അപ്ലോഡ് ചെയ്യും.

ഫാസ്റ്റാഗ് നിര്‍ബന്ധമാണ്. ജി.പി.എസ്, വേഗപ്പൂട്ട് എന്നിവയും പരിശോധിക്കപ്പെടും. ട്യൂബ് ലെസ് ടയറുകള്‍ വ്യാപകമായതിനാല്‍ സ്റ്റെപ്പിനി ടയറിനുപകരം പഞ്ചര്‍കിറ്റ് മതിയെന്ന നിര്‍ദേശം പഴയവാഹനങ്ങള്‍ക്കും ബാധകമാക്കി. സംസ്ഥാനങ്ങള്‍ക്ക് പൊതുമേഖലയിലോ സ്വകാര്യപങ്കാളിത്തത്തോടെയോ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ തുടങ്ങാം.

Content Highlights: High Security Number Plate Made Mandatory In Old Vehicle, Stepney Tyre, Puncher Kit