പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
നഗരത്തില്‍ ഓടുന്ന സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഹോണ്‍ മുഴക്കുന്നതിനും ഓവര്‍ടേക്ക് ചെയ്യുന്നതിനും ഹൈക്കോടതിയുടെ വിലക്ക് പ്രഖ്യാപിച്ചതോടെ സിറ്റി പോലീസിന്റെ നടപടിയും ആരംഭിച്ചു. ഇതോടെ കൊച്ചി നഗരത്തിലെ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും അല്‍പ്പം മര്യാദ കൈവന്നെന്നാണ് വിലയിരുത്തലുകള്‍. ബസുകളും ഓട്ടോറിക്ഷകളും വിധിവന്ന് ആദ്യദിനം മര്യാദരാമന്മാരായിരുന്നു. ഓവര്‍ടേക്കിങ്ങും ബസുകളുടെ തള്ളിക്കയറ്റവും മത്സരഓട്ടവും കുറവായിരുന്നു.
ചിലയിടങ്ങളില്‍ മാത്രമാണ് ബസുകളുടെ അപകടകരമായ ഓവര്‍ടേക്കിങ് നടന്നത്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ആദ്യദിനം ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും താക്കീതും മുന്നറിയിപ്പും നല്‍കുകയാണ് പോലീസ് ചെയ്തത്. ജൂണ്‍ ഒമ്പതുവരെ ഇതു തുടരുമെന്ന് പോലീസ് പറഞ്ഞു. ശേഷം കടുത്ത നടപടിയിലേക്ക് കടക്കും. ഇടതുവശം ചേര്‍ന്ന് മാത്രം പോയാല്‍ മതിയെന്ന നിര്‍ദേശവും കര്‍ശനമായി നടപ്പാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും അമിതവേഗം നിയന്ത്രിക്കണമെന്നും ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്നും സിറ്റി പോലീസ് ഇതിന് ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ചതന്നെ സിറ്റി പോലീസ് നിര്‍ദേശം പുറത്തിറക്കിയിരുന്നു.
കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിയമം പാലിച്ചല്ല സര്‍വീസ് നടത്തുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. ഹോണും മുഴക്കി സ്വകാര്യ ബസുകള്‍ പരസ്പരം മറികടന്ന് പായുകയാണ്. റോഡിലൂടെ പോകുന്നവരുടെയും മറ്റ് വാഹനത്തില്‍ പോകുന്നവരുടെയും ജീവന്‍ അപകടത്തിലാക്കിയാണിതെന്നും വിലയിരുത്തിയാണ് ഇത് നിയന്ത്രിക്കാന്‍ ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നഗരത്തില്‍ ബസുകളുടെ മത്സര ഓട്ടമാണ് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും വഴിവെക്കുന്ന പ്രശ്‌നം. അതോടൊപ്പം നഗരത്തിലെ ഏതാണ്ട് മുഴവന്‍ ബസ് സ്റ്റോപ്പുകളിലും ബസ്‌ബേ ഇല്ല. ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കാത്തത് പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്കും ഓട്ടോകള്‍ക്കും വേഗപരിധി കര്‍ശനമാക്കണം. സ്വകാര്യ ബസുകളുടെ അമിത വേഗം തടയാന്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
15 വര്‍ഷം പിന്നിട്ട വാഹനങ്ങള്‍ക്ക് സര്‍വീസ് അനുമതി നല്‍കില്ലെന്നാണെങ്കിലും നഗരത്തിലെ മിക്ക സ്വകാര്യ ബസുകളും വലിയ പഴക്കം തോന്നിക്കുന്നവയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. 15 വര്‍ഷം പിന്നിട്ട വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടോയെന്ന് സംശയമുണ്ട്. ഇത്തരം ഇളവുകള്‍ നല്‍കാമോയെന്നും കോടതി ചോദിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വിധിയുടെ പകര്‍പ്പ് അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് മുഖേന സിറ്റി പോലീസ് കമ്മിഷണര്‍ക്കും ആര്‍.ടി.എ. അധികൃതര്‍ക്കും നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം
കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. നഗരപരിധിയില്‍ ഓവര്‍ടേക്കിങ് പാടില്ല. ഈ നിര്‍ദേശം ഓട്ടോറിക്ഷകള്‍ക്കും ബാധകമാണ്. ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചുള്ള നടപടികള്‍ക്ക് ബുധനാഴ്ച തന്നെ സിറ്റി പോലീസ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിന് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് പോലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവരുടെ പെര്‍മിറ്റ് റദ്ദാക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും.
Content Highlights: High court suggest to stop over taking and reduce horn in city limits, Buses and Auto rickshaw
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..