ന്യൂഡല്‍ഹി:  ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഉത്പാദനം 100 മില്യണ്‍ പിന്നിട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ പ്ലാന്റില്‍ നിന്ന് പുറത്തിയറക്കിയ ഹീറോ എക്‌സ്ട്രീം 160 R ബൈക്കിലൂടെ കമ്പനി 100 മില്യണ്‍ തികച്ചു. തുടര്‍ച്ചയായ ഇരുപതാമത്തെ വര്‍ഷമാണ് ഹീറോ മോട്ടോകോര്‍പ്പ് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ എന്ന പദവി നിലനിര്‍ത്തുന്നത്. അവസാനത്തെ 50 മില്യണ്‍ യൂണിറ്റുകള്‍ കേവലം ഏഴ് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കിയ ഹീറോ മോട്ടോകോര്‍പ്പിന്റെ 100 മില്യന്‍ ഉല്‍പാദനം എന്ന നാഴികക്കല്ല്, രാജ്യാന്തര തലത്തില്‍ ഏറ്റവും വേഗത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഏക ഓട്ടോമബൈല്‍ നിര്‍മാതാക്കള്‍ ഹീറോ മോട്ടോകോര്‍പ് ആണ്.

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് പേരുടെ അഭിലാഷങ്ങള്‍ക്ക് ചലനശക്തി നല്‍കുന്നതില്‍ മുന്‍നിരയിലാണ് ഹീറോ എന്ന് ഹീറോ മോട്ടോകോര്‍പ്പ് സി.ഇ.ഒ.യും ചെയര്‍മാനുമായ ഡോ. പവന്‍ മുഞ്ചാല്‍ അഭിപ്രായപ്പെട്ടു. സാങ്കേതിക പരിണാമങ്ങളുടെയും പ്രവര്‍ത്തന മികവിന്റെയും സുസ്ഥിരമായ പ്രവര്‍ത്തനങ്ങളുടെയും വിജയമാണ് ഈ നേട്ടം. ഏറ്റവും പ്രധാനമായി ഹീറോയെ തുടര്‍ന്നും സ്‌നേഹിക്കുകയും ഈ ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്ന ഉപഭോക്താക്കളുടെ ആഘോഷമാണിത്. അര്‍ഥപൂര്‍ണമായ ഈ നാഴികക്കല്ല് ഇന്ത്യയുടെ പരമ്പരാഗതമായ കഴിവുകള്‍ക്കുള്ള അംഗീകാരവും ഹീറോ എന്ന ബ്രാന്‍ഡിനുള്ള സ്വീകാര്യതയുമാണ്. ഞങ്ങള്‍ ലോകത്തിന് വേണ്ടി ഇന്ത്യയില്‍നിന്ന് ഉത്പാദനം നടത്തുത്തുമ്പോള്‍, തലമുറകള്‍ക്കും അതിരുകള്‍ക്കും അപ്പുറം ഉപഭോക്താക്കള്‍ ഹീറോയ്ക്ക് നല്‍കിയ അംഗീകരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ പാദമുദ്ര പതിപ്പിച്ചുകൊണ്ട് വളര്‍ച്ചയുടെ പാതയില്‍ യാത്ര തുടരുമെന്നും 'സഞ്ചാരക്ഷമതയുടെ ഭാവി ആയിരിക്കുക' എന്ന ലക്ഷ്യത്തോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഇരുചക്ര വാഹനങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കി.

സുസ്ഥിരമായ വളര്‍ച്ചയില്‍ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് സെയില്‍സ്, ആര്‍ ആന്‍ഡ് ഡി, മാനുഫാക്ചറിംഗ് വിഭാഗങ്ങള്‍ സാമ്പത്തിക വര്‍ധനവിനായി ഏകോപിച്ചു പ്രവര്‍ത്തിച്ചു കൊണ്ട് ഹീറോ മോട്ടോകോര്‍പ്പ് ആഗോളത്തലത്തിലുള്ള സമൂഹങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുകയാണ്. ഇടപെടുന്ന സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയും ഹീറോ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു.
100 മില്യണ്‍ ഉത്പാദനം പൂര്‍ത്തീകരിച്ച വേളയില്‍ ആറ് സെലിബ്രേഷന്‍ എഡിഷന്‍ മോഡലുകളും ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കി. സ്‌പ്ലെന്‍ഡര്‍ പ്ലസ്, എക്‌സ്ട്രീം 160 R, പാഷന്‍ പ്രോ, ഗ്ലാമര്‍ 125, ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 110 എന്നിവയുടെ സെലിബ്രേഷന്‍ എഡിഷനുകളാണ് പുറത്തിറക്കിയത്. ഫെബ്രുവരിയില്‍ ഈ മോഡലുകള്‍ വിപണിയിലെത്തും.

രാജ്യാന്തര തലത്തിലുള്ള ഉപഭോക്താക്കളും ഡീലര്‍മാരും വിതരണക്കാരും നിക്ഷേപകരും സപ്ലയര്‍മാരും ജീവനക്കാരും മീഡിയയും അടങ്ങുന്ന പ്രേക്ഷകരെ സംബോധന ചെയ്തുകൊണ്ട്് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ പ്ലാനും ഡോ. മുഞ്ചാല്‍ വ്യക്തമാക്കി. ഈ കാലയളവില്‍ കമ്പനിക്ക് മുന്‍നിരയിലുള്ള സ്ഥാനം ഉറപ്പിച്ചു നിര്‍ത്തുന്നതിനോടൊപ്പം രാജ്യാന്തര തലത്തില്‍ അതിന്റെ സാന്നിധ്യം വിപുലപ്പെടുത്തും, ആകര്‍ഷകമായ ഉല്‍പന്നങ്ങള്‍ ലോഞ്ച് ചെയ്യും, ഒപ്പം ഉല്‍പന്നങ്ങള്‍ക്കായി നൂതനമായ ആശയങ്ങളും ആവിഷ്‌കരിക്കും.

അടുത്ത പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും വേരിയന്റ്സ്, റിഫ്രഷസ്, അപ്ഗ്രേഡ്സ് എന്നിവ ഉള്‍പ്പെടെ 10 ഉല്‍പന്നങ്ങള്‍ അതരിപ്പിക്കും. ഇന്ത്യയക്ക് പുറത്തുള്ള വിപണികളിലും ഹീറോ മോട്ടോകോര്‍പ്പിന് കുതിച്ചുയരുന്ന വളര്‍ച്ചാലക്ഷ്യമാണ് ഉള്ളത്. ഈ വിപണികളും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നത് തുടരും, കൂടാതെ പുതിയ നാടുകളിലെയും സുപ്രധാന വിപണികളില്‍ എത്തും. ഗ്രീന്‍ ഫെസിലിറ്റികള്‍, ഫ്യൂവല്‍ എഫിഷ്യന്റ് ഉല്‍പന്നങ്ങള്‍ എന്നിവയിലൂടെ ഹീറോ മോട്ടോകോര്‍പ് കാര്‍ബണ്‍ ഫുട്ട്പ്രിന്റ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. ഇന്റേണല്‍ പ്രോഗ്രാമുകളിലൂടെയും പുറത്തുള്ള വിപുലമായ ഇക്കോസിറ്റത്തിന് പിന്തുണ നല്‍കിക്കൊണ്ടും പുതിയ മൊബിലിറ്റി സൊല്യൂഷന് പ്രചരണം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യും.

Content Highlights: hero motorcorp surpasses 100 million production