ദീപാവലി സീസണ്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഉത്സവകാലമാണ്. കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന ലഭിക്കുന്നത് ഇക്കാലയളവിലാണ്. വമ്പന്‍ വിലക്കുറവും മറ്റ് ഓഫറുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ കൈയിലെടുക്കാന്‍ നിര്‍മാതാക്കള്‍ പരസ്പരം മത്സരിക്കും. എന്നാല്‍ ഈ ദീപാവലിക്ക് തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പ് നല്‍കിയ ഓഫര്‍ എല്ലാവരെയും അമ്പരപ്പിക്കും. 

ഒക്ടോബര്‍ 11 മുതല്‍ 14 വരെയുള്ള നാല് ദിവസങ്ങളില്‍ ബൈക്ക് വാങ്ങുന്ന എല്ലാവര്‍ക്കും ഒരു ആടിനെ സൗജന്യമായി നല്‍കുമെന്നാണ് ഗായത്രി മോട്ടോഴ്‌സ് ഓഫര്‍ നല്‍കിയത്. എന്നാല്‍ ഇത് കേള്‍ക്കേണ്ട താമസം വിവരമറിഞ്ഞവരെല്ലാം ഡീലര്‍ഷിപ്പിലേക്ക് വിളിയോട് വിളി. ആദ്യം ദിനം മാത്രം നൂറോളം ബുക്കിങ് വന്നു. തുടര്‍ന്നും ബൈക്കുകള്‍ക്കുള്ള ബുക്കിങ് കുത്തനെ ഉയര്‍ന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ആടുകളെ സംഘടിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ഓഫര്‍ പിന്‍വലിക്കാന്‍ ഡീലര്‍ഷിപ്പ് നിര്‍ബന്ധിതമായി. ഇനി ബുക്ക് ചെയ്തവര്‍ക്ക് എത്രയും പെട്ടെന്ന് മറ്റൊരു ഓഫര്‍ നല്‍കാനുള്ള ശ്രമത്തിലാണ് ഗായത്രി മോട്ടോഴ്‌സ്. 

മറ്റു ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന ഓഫറുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ആശയം തേടിയാണ് ഗായത്രി മോട്ടോഴ്‌സ് അധികൃതര്‍ ആടിനെ നല്‍കാനുള്ള തീരുമാനത്തിലെത്തിയത്. എന്നാല്‍ ആശയം അല്‍പം കടന്നുപോയെന്ന് മാത്രം. നിലവില്‍ പുതിയ വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സോഫ സെറ്റ് അടക്കമുള്ള സമ്മാനങ്ങള്‍ തമിഴ്‌നാട്ടിലെ വിവിധ ഡീലര്‍ഷിപ്പ് നല്‍കുന്നുണ്ട്.