രുചക്ര വാഹന വിപണിയിലെ മുന്‍നിരക്കാരായ ഹീറോ ഇലക്ട്രിക് കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ 500 കോടി രൂപ നിക്ഷേപമിറക്കും. അടുത്ത അഞ്ചു വര്‍ഷം കൊണ്ടാണ് ഈ തുക രാജ്യത്ത് നിക്ഷേപിക്കുക. ഇലക്ട്രിക് ടൂവീലറുകള്‍ വികസിപ്പിക്കുന്നതിനായി കമ്പനി ഈ വര്‍ഷം ദക്ഷിണേന്ത്യയില്‍ പുതിയ ഇലക്ട്രിക് വാഹന നിര്‍മാണ കേന്ദ്രം തുടങ്ങുമെന്ന് ഹീറോ ഇലക്ട്രിക് മാനേജിങ് ഡയറക്ടര്‍ നവീന്‍ മഞ്ചല്‍ പറഞ്ഞു. 

ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ലുധിയാനയിലുള്ള പ്ലാന്റിന്റെ ഉത്പാദന ശേഷി ഉയര്‍ത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. നിലവില്‍ 40,000 യൂണിറ്റ് വാഹനങ്ങളാണ് കമ്പനിയുടെ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നത്. 

2016-17 ല്‍ 15,000 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ച കമ്പനി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 26,000 യൂണിറ്റുകള്‍ വിറ്റഴിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം 75,000 യൂണിറ്റുകള്‍ വിറ്റഴിക്കുകയാണ് ലക്ഷ്യം. 2023-ഓടെ പ്രതിവര്‍ഷം അഞ്ച് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി ഹീറോ ഇലക്ട്രിക് വിതരണ ശൃംഖല വിപുലീകരിക്കും. 

Content Highlights; Hero Electric to invest 500 Core For Electric Vehicles