ത്തുമാസം മുന്‍പ് മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് യന്ത്രഭീമനുമായി പുറപ്പെട്ട കണ്ടെയ്‌നര്‍ ലോറി ഒടുവില്‍ വി.എസ്.എസ്.സി.യുടെ വട്ടിയൂര്‍ക്കാവ് കേന്ദ്രത്തിലെത്തി. നാലു സംസ്ഥാനങ്ങളിലൂടെ വാഹനം പിന്നിട്ടത് 1750 കിലോമീറ്റര്‍. ഒരുദിവസം അഞ്ചുകിലോമീറ്റര്‍ മാത്രം സഞ്ചരിച്ച കൂറ്റന്‍ വാഹനം, കഴിഞ്ഞകൊല്ലം രാജ്യത്ത് ഏറ്റവും കുറഞ്ഞ വേഗത്തിലോടിയ വാഹനമെന്ന കീര്‍ത്തിയും നേടി.

'എയ്‌റോസ്‌പേസ് ഓട്ടോ ക്ലേവ്' യന്ത്രമാണ് വി.എസ്.എസ്.സി.ക്കുവേണ്ടി ലോറിയില്‍ കൊണ്ടുവന്നത്. നാസിക്കിലെ അംബര്‍നാഥ് ഫാക്ടറിയില്‍ നിര്‍മിച്ച യന്ത്രം വി.എസ്.എസ്.സി.ക്കുള്ള ഏറ്റവും വലിയ ഓട്ടോ ക്ലേവാണ്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്കുവേണ്ട ഭാരം കുറഞ്ഞതും വലുപ്പമേറിയതുമായ വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കാനാണ് ഓട്ടോ ക്ലേവ് കൊണ്ടുവന്നത്. യാത്രക്കൂലി ഉള്‍പ്പെടെ ഒന്‍പതുകോടി രൂപയാണ് യന്ത്രത്തിന്റെ നിര്‍മാണച്ചെലവ്.

വല്ലാത്ത യാത്ര

ഭാരവും ആകാരവലുപ്പവും കാരണം സാധാരണ റോഡിലൂടെയുള്ള ഗതാഗതം ക്ലേശകരമായിരുന്നു. ഇതിനാലാണ് ലോറി ഒരുദിവസം അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചത്. ലോറിക്ക് കടന്നുപോകാന്‍ റോഡിനു കുറുകെയുള്ള വൈദ്യുതലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റേണ്ടിവന്നു. പോലീസും വൈദ്യുതിബോര്‍ഡ് ജീവനക്കാരും അഗ്‌നിരക്ഷാസേനയുമാണ് എല്ലായിടത്തും ലോറിയെ കടത്തിവിടാന്‍ പ്രയത്‌നിച്ചത്.

ജൂണ്‍ അവസാനം തക്കലയ്ക്ക് സമീപമെത്തിയ ലോറി 25 കിലോമീറ്റര്‍ താണ്ടി പാറശ്ശാലയിലെത്താന്‍ ഏഴു ദിവസമെടുത്തു. അവിടെനിന്നു 16 ദിവസത്തിനുശേഷമാണ് 30 കിലോമീറ്റര്‍ താണ്ടി തിരുവനന്തപുരത്തെത്തിയത്. വഴിയില്‍ മാര്‍ത്താണ്ഡം മേല്‍പ്പാലം, പുതുതായി നിര്‍മിക്കുന്ന പള്ളിച്ചല്‍ പാലം എന്നിവ കടക്കുമോയെന്ന സംശയമുദിച്ചിരുന്നു. വാഹനത്തിന്റെ ഭാരം പാലത്തിന്റെ ബലത്തിന് കോട്ടംവരുത്തുമോയെന്ന ആശങ്കയാണു കാരണം.

വഴിയൊരുക്കാന്‍ സിഗ്‌നല്‍ വിളക്കും മാറ്റി

തിരുവനന്തപുരം സിറ്റിയില്‍ കടന്നപ്പോള്‍ സിഗ്‌നല്‍ വിളക്കുകള്‍ ഇളക്കിമാറ്റിയാണ് വാഹനത്തിന് വഴിയൊരുക്കിയത്. ഞായറാഴ്ച രാത്രിയോടെ വട്ടിയൂര്‍ക്കാവ് ഐ.എസ്.ആര്‍.ഒ.യുടെ ഇനര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റില്‍ യന്ത്രമെത്തി. കമ്മിഷന്‍ ചെയ്യാന്‍ മൂന്നുമാസമെങ്കിലും വേണം.

Content Highlights: Heavy Truck Takes 10 Months To Cover 1750 Kilo Meter From Maharastra to Kerala