കുറവിലങ്ങാട്: പകലോമറ്റം ഞരളംകുളത്ത് നിര്‍മാണം പുരോഗമിക്കുന്ന ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനില്‍ സ്ഥാപിക്കാനുള്ള പടുകൂറ്റന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം രണ്ടാം ദിനവും ഫലം കണ്ടില്ല. കഴിഞ്ഞ ഒരു മാസത്തോളമായി കോഴയില്‍ കാത്തുകിടന്ന ട്രെയിലറുകള്‍ സബ് സ്റ്റേഷന്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തിന് സമീപത്തേക്ക് വെള്ളിയാഴ്ച രാവിലെ എത്തിയിരുന്നു.

വളവും കയറ്റവും വില്ലന്‍

നിര്‍മാണ സ്ഥലത്ത് വെള്ളിയാഴ്ച ട്രെയിലര്‍ എത്തിക്കാനും തൊട്ടടുത്ത ദിവസങ്ങളില്‍ വിദഗ്ധസംഘം എത്തി ഇറക്കി സ്ഥാപിക്കാനുമാണ് നിശ്ചയിച്ചിരുന്നത്. വലിയ ട്രെയിലര്‍ എത്തിക്കാന്‍ സബ് സ്റ്റേഷന്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കുള്ള വഴി വീതികൂട്ടി ഒരുക്കങ്ങളും നടത്തിയിരുന്നു. ട്രെയിലറിലെ തൊഴിലാളികള്‍ എത്തി വഴിനിര്‍മാണം വിലയിരുത്തുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച രാവിലെ നിര്‍മാണ സ്ഥലത്തിന് അടുത്തുവരെ ട്രെയിലറുകള്‍ എത്തി. വളവും കയറ്റവും കടന്നുവേണം നിര്‍മാണ സ്ഥലത്ത് എത്താന്‍. ഇവിടെ കടക്കാന്‍ മൂന്ന് പുള്ളര്‍ യന്ത്രങ്ങള്‍വരെ ഘടിപ്പിച്ച് നോക്കി. റോഡ് റോളര്‍ അടക്കം ഉപയോഗിച്ച് വഴിയിലും നിര്‍മാണം നടത്തി. വെള്ളിയാഴ്ച വൈകുംവരെ ശ്രമിച്ചിട്ടും വാഹനം നിര്‍മാണസ്ഥലത്തേക്ക് എത്തിക്കാനായില്ല. ശനിയാഴ്ചയും വീണ്ടും മൂന്ന് പുള്ളറുകള്‍ ഉപയോഗിച്ച് ശ്രമം നടത്തിയെങ്കിലും പുകപടലങ്ങള്‍ ഉയര്‍ന്ന് അന്തരീക്ഷം മൂടിയതല്ലാതെ ട്രാന്‍സ്ഫോര്‍മര്‍ വഹിക്കുന്ന ട്രെയിലറുകള്‍ മുന്നോട്ട് നീങ്ങിയില്ല.

400 കിലോവോള്‍ട്ട് ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനില്‍ സ്ഥാപിക്കാനുള്ള 315 എം.വി.ഐ. ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളാണ് ട്രെയിലറില്‍ ഉള്ളത്. മാര്‍ച്ച് 30-ന് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട രണ്ട് വലിയ ട്രെയിലര്‍ ലോറികളിലാണ് ട്രാന്‍സ്ഫോര്‍മറുകള്‍ എത്തിച്ചത്. മേയ് ആദ്യദിവസം കോഴായില്‍ എത്തി പാര്‍ക്ക് ചെയ്തിരുന്നു.

ലോക്ഡൗണ്‍ : ലക്ഷ്യം വൈകിപ്പിച്ചേക്കും

മേയ് മാസം 10-നും 15-നും ഇടയിലുള്ള ഒരു ദിവസം നിര്‍ദ്ദിഷ്ടസ്ഥലത്തേക്ക് ട്രാന്‍സ്ഫോര്‍മറുകള്‍ എത്തിക്കാനായിരുന്നു ലക്ഷ്യം. ഈ ദിവസങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ എത്തിക്കാനാണ് ഷെഡ്യൂള്‍ ചെയ്തിരുന്നതും. തെലങ്കാനയില്‍ ഫാക്ടറിയില്‍ നിര്‍മാണം പൂര്‍ത്തിയായതോടെ ട്രാന്‍സ്‌ഫോര്‍മറുകളുമായി വാഹനം നേരത്തെ പുറപ്പെട്ട് നേരത്തെ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്ഡൗണും അത് മൂലമുണ്ടായ തൊഴിലാളിക്ഷാമവും കാര്യങ്ങള്‍ വൈകിപ്പിച്ചു. 2022-ലെ റിപ്പബ്ലിക് ദിനത്തില്‍ നാടിന് സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മാണം പുരോഗമിച്ചിരുന്നത്. ഇതും വൈകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

ജി.ഐ.എസ്.

പരിപാലനച്ചെലവ് ഗണ്യമായി കുറഞ്ഞതും വൈദ്യുതിതടസ്സ സാധ്യതകള്‍ തീരെക്കുറവായതുമായ സാങ്കേതികവിദ്യയാണ് ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍(ജി.ഐ.എസ്.). നിലവിലെ സബ് സ്റ്റേഷനുകളില്‍ വൈദ്യുതി ബ്രേക്കിങ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് തുറസ്സായ സ്ഥലങ്ങളിലാണ്. ഇവയ്ക്കിടയിലെ ഇന്‍സുലേഷന്‍ അന്തരീക്ഷവായുവാണ്. ഇതിന് ഏറെ സ്ഥലം വേണ്ടിവരും. ജി.ഐ.എസ്. സംവിധാനത്തില്‍ ബ്രേക്കിങ് സ്വിച്ചുകള്‍ സ്ഥാപിക്കുന്നത് അടച്ചിട്ട മുറിയിലാണ്. ഇതിനുള്ളില്‍ വാതകം നിറയ്ക്കും. ഇവിടെ സള്‍ഫര്‍ ഹെക്‌സാ ഫ്‌ളൂറൈഡ് ആണ് നിറയ്ക്കുന്നത്.

Content Highlights: Heavy Truck Stuck In Road, Gas Insulated Sub Station, Kottayam