ദേശീയപാത വഴി തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഐ.എസ്.ആര്‍.ഒയുടെ കൂറ്റന്‍ കാര്‍ഗോ വാഹനം നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. ഐഎസ്ആര്‍ഒയുടെ വിന്‍ടണല്‍ പ്രോജക്റ്റിന് വേണ്ടിയുള്ള കൂറ്റന്‍ സിന്‍ടാക്സ് ചേമ്പറുകള്‍കയറ്റിയ രണ്ട് ആക്സിലുകള്‍ ആണ് ദേശീയപാത വഴി തിരുവനന്തപുരത്തേക്ക് വരുന്നത്.

പൂനെയിലെ വാള്‍ചിന്‍ നഗര്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് 260 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം മുംബൈയില്‍ എത്തിച്ച ശേഷം ബാര്‍ജ് വഴി കൊല്ലം തങ്കശ്ശേരി തുറമുഖത്ത് ഇറക്കിയാണ് ഈ വാഹനം പടുകൂറ്റല്‍  ദേശീയപാതയിലൂടെ യാത്ര തുടരുന്നത്. 

കൂറ്റന്‍ വാഹനമെന്നത് കേവലം അലങ്കാര വാക്കല്ല. 44 ചക്രങ്ങളാണ്  150 ഉം 159 ഉം ഭാരമുള്ള ചേംബറുകള്‍ കയറ്റിയ ആക്സിലൂകള്‍ക്ക് ഉള്ളത്. ഓരോ ദിവസവും എട്ടു മണിക്കൂര്‍ യാത്ര ചെയ്ത് ഇരുപത്തിയെട്ടാം തീയതി ഐ.എസ്.ആര്‍.ഒയില്‍ എത്തിക്കാനാണ് ശ്രമം. ഇത്ര വലിയ വാഹനമായതിനാല്‍ തന്നെ പരിമിതമായ വേഗത്തിലാണ് യാത്ര.

കാര്‍ഗോയുടെ യാത്ര സുഗമമാക്കാനും നിരത്തുകളിലുള്ള മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാനുമായി ഗതാഗതം തിരിച്ചുവിട്ടും, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും പോലീസും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും കാര്‍ഗോയുടെ യാത്രയ്ക്ക് സഹായകമാകുന്നുണ്ട്. 

എന്നാല്‍, കൂറ്റന്‍ കാര്‍ഗോ വാഹനം കൗതുകമാണെങ്കിലും കടന്നുപോകുന്ന വഴിയിലെ നാട്ടുകാര്‍ക്ക് അത് മണിക്കൂറുകളുടെ ദുരിതമാണ്. വാഹനം കടന്നു പോകുന്ന ഇടങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും, വൈദ്യുതി തടസ്സവുമാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.

Content Highlights: Heavy Truck, Huge Truck, 44 Wheel Truck In Trivandrum, ISRO