ന്ധനവില വര്‍ധവിനെതിരേ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധവും ഇതിനെതിരേ സിനിമാതാരം ജോജു ഉയര്‍ത്തിയ പ്രതിഷേധവും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനം തകര്‍ത്തതിനെതിരേ അദ്ദേഹം നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ തന്നെ ജോജുവിന്റെ രണ്ട് വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പില്‍ പരാതി നല്‍കിയിരിക്കുകയാണ് കളമശേരി സ്വദേശി മനാഫ് പുതുവായില്‍. 

ജോജു ഉപയോഗിക്കുന്ന വാഹനത്തില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് അഴിച്ച് മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണ് ഘടിപ്പിച്ചിട്ടുള്ളതെന്നാണ് പ്രധാന പരാതി. ഇതിനുപുറമെ, അദ്ദേഹം ഉപയോഗിക്കുന്ന മറ്റൊരു വാഹനം ഹരിയാണ രജിസ്‌ട്രേഷനില്‍ ഉള്ളതാണെന്നും പരാതിയില്‍ പറയുന്നു. കേരളത്തില്‍ വാഹനം ദീര്‍ഘകാലം ഉപയോഗിക്കണമെങ്കില്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ലംഘിച്ചാണ് ജോജു ഈ വാഹനം ഉപയോഗിക്കുന്നതെന്നുമാണ് പരാതിയിലെ ആരോപണങ്ങള്‍.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിലാണ് ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ളതെന്നാണ് ആരോപണം. ഇത് അന്വേഷിക്കാന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ആര്‍.ടി.ഒ. അറിയിച്ചു. ഇതിനുപുറമെ, ഹരിയാണ രജിസ്‌ട്രേഷനിലുള്ള വാഹനം ഇവിടെ ഉപയോഗിക്കുന്നത് സംബന്ധിച്ച് പരാതി ചാലക്കുടി ആര്‍.ടി.ഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. 

കോണ്‍ഗ്രസ് റോഡ് ഉപരോധ സമരത്തിനെതിരേ പ്രതിഷേധവുമായി ജോജു രംഗത്തിറങ്ങിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനത്തിന്റെ പിന്നിലെ ഗ്ലാസ് അടിച്ച് തകര്‍ത്തത്. ആറ് ലക്ഷം രൂപയുടെ കേടുപാടുകളാണ് ഈ വാഹനത്തിന് സംഭവിച്ചിട്ടുള്ളതെന്നാണ് ജോജു നല്‍കിയ പരാതിയില്‍ പറയുന്നത്. വാഹനം പൊളിച്ച കേസില്‍ പി.ജി. ജോസഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Content Highlights: Haryana registration and fancy number plate, Complaint against actor joju, MVD kerala