യുവാവ് സരയൂ നദിയിൽ ബൈക്ക് ഓടിക്കുന്നു | Photo: Social Media
സോഷ്യല്‍ മീഡിയോ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്നതിന് വേണ്ടി വാഹനം ഉപയോഗിച്ചുള്ള അഭ്യാസങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഇത്തരം അഭ്യാസങ്ങള്‍ അവസാനിക്കുന്നത് വലിയ അപകടങ്ങളിലുമാണ്. ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ യുവാവ് പിടിച്ച ഒരു പുലിവാലാണ് ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. പുഴയിലൂടെ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
ഉത്തര്‍പ്രദേശിലെ അയോധ്യ സരയു നദിയിലൂടെയാണ് യുവാവ് ബൈക്ക് ഓടിച്ചത്. വാഹനത്തിന്റെ ടാങ്കിന്റെ ലെവലിലെ വെള്ളത്തിലൂടെ ഷര്‍ട്ട് പോലുമിടാതെയാണ് യുവാവിന്റെ ബൈക്ക് അഭ്യാസം. നിരവധി ആളുകള്‍ നദിയില്‍ കുളിക്കുന്നതിന് ഇടയിലൂടെയാണ് ഇയാള്‍ ബൈക്ക് ഓടിച്ച് കളിക്കുന്നത്. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നയാള്‍ എടുത്ത വീഡിയോയാണ് സമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. നിയമവിരുദ്ധമാണ് അയാളുടെ പ്രവര്‍ത്തിയെന്നും ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു.
വീഡിയോ വൈറലായതോടെ അയോധ്യ പോലീസ് വിഷയത്തിന്റെ ഗൗരവം തിരിച്ചറിയുകയും ബൈക്ക് ഓടിച്ചയാളിനെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു. വസ്ത്രം ധരിക്കാതെ നദിക്കുള്ളില്‍ വാഹനമോടിച്ച് കളിച്ചതിനാണ് പോലീസ് ഇയാള്‍ക്കെതിരേ ചെലാന്‍ നല്‍കിയിരിക്കുന്നത്. ബൈക്ക് അഭ്യാസം, ഹൈല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കല്‍, അധികൃതരുടെ നിര്‍ദേശം അനുസരിക്കാതെയുള്ള പ്രവൃത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വാഹനം ഉപയോഗിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് കേസെടുത്തതിന് പിന്നാലെ ഈ യുവാവ് പോലീസിനൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് പോലീസ് പ്രതികരിച്ചിട്ടില്ല. അയോധ്യയിലെ പുണ്യനദിയായി പരിഗണിക്കുന്ന ഒന്നാണ് സരയു നദി. നിരവധി ആളുകളാണ് ഈ നദിയില്‍ കുളിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ കോണുകളില്‍ അയോധ്യയിലേക്ക് എത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..