ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ 15,10,000 രൂപയ്ക്ക് ലേലം പോയതിനു പിന്നാലെ വിവാദമുയര്‍ന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. ലേലത്തിന് ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അലിക്കുവേണ്ടി തൃശ്ശൂര്‍ എയ്യാല്‍ സ്വദേശിയും ഗുരുവായൂരില്‍ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലംവിളിക്കാനെത്തിയത്.

എന്നാല്‍, ലേലം നടന്നതിന് പിന്നാലെ താന്‍ 25 ലക്ഷം രൂപയ്ക്കുവരെ വിളിക്കാന്‍ തയ്യാറായിട്ടാണ് വന്നതെന്ന് സുഭാഷ് പണിക്കര്‍ മാധ്യമങ്ങളോടു പറഞ്ഞു. മത്സരലേലമില്ലാതെ 15,10,000 രൂപയ്ക്ക് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെ 21-ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ അന്തിമതീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചു.

ലേലസമയത്ത് ഭരണസമിതിയിലെ രണ്ട് അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റ് അംഗങ്ങളോടുകൂടി ആലോചിക്കേണ്ടതുണ്ടെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം. ചെയര്‍മാന്റെ നിലപാട് ശരിയല്ലെന്ന് സുഭാഷ് പണിക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 15 ലക്ഷം രൂപയിലാണ് ലേലം തുടങ്ങിയത്.

Content Highlights: Guruvayur temple thar auctioned by Amal Muhammad Ali, Mahindra Thar, Guruvayur Temple