ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലത്തില്‍ പിടിച്ച ആള്‍ക്ക് തന്നെ വാഹനം കൈമാറാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം. കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. 15,10,000 രൂപയ്ക്ക് ഥാര്‍ ലേലം പോയതിനു പിന്നാലെ വിവാദമുയര്‍ന്നിരുന്നു.

ലേലത്തിൽ ഒരാള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അലിക്കുവേണ്ടി തൃശ്ശൂര്‍ എയ്യാല്‍ സ്വദേശിയും ഗുരുവായൂരില്‍ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലംവിളിക്കാനെത്തിയത്. ഭരണസമിതി യോഗത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചതോടെയാണ് അനിശ്ചിതത്വം നിലനിന്നിരുന്നത്. എന്നാല്‍ ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗം വാഹനം ലേലത്തില്‍ വിളിച്ച ആള്‍ക്ക് തന്നെ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ 21 ലക്ഷം രൂപയ്ക്ക് വാഹനത്തിന് നല്‍കാനാകുമോ എന്ന ദേവസ്വം ഭരണസമിതി ഇന്ന് ആരാഞ്ഞു. എന്നാല്‍ 14 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള വാഹനം താന്‍  15,10,000 രൂപയ്ക്കാണ് ലേലത്തില്‍ പിടിച്ചത്. ജിഎസ്ടി അടക്കം 18 ലക്ഷത്തോളം രൂപ മുടക്കേണ്ടി വരുമെന്നും അമല്‍ അറിയിച്ചു. 18-ാം തിയതി ലേലത്തില്‍ വിളിച്ച തുകയ്ക്ക് തന്നെ വാഹനം സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമല്‍ ദേവസ്വം സമിതിയെ അറിയിച്ചു. തുടര്‍ന്ന് ഭരണസമിതി ലേലത്തിന് അംഗീകാരം നല്‍കി.

ദേവസ്വം ഭരണസമിതി അംഗീകാരം ഇനി ദേവസ്വം കമ്മീഷണര്‍ക്ക് കൈമാറും. കമ്മീഷണര്‍ അന്തിമ അനുമതി നല്‍കിയാല്‍ അമലിന് ഗുരുവായൂരില്‍ നിന്ന് ഥാര്‍ കൊണ്ടുപോകാം.

ലേലം നടന്നതിന് പിന്നാലെ താന്‍ 25 ലക്ഷം രൂപയ്ക്കുവരെ വിളിക്കാന്‍ തയ്യാറായിട്ടാണ് വന്നതെന്ന് അമലിന് വേണ്ടി ലേലത്തിനെത്തിയ സുഭാഷ് പണിക്കര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മത്സരലേലമില്ലാതെ 15,10,000 രൂപയ്ക്ക് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് 21-ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ അന്തിമതീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചത്.

ചെയര്‍മാന്റെ നിലപാട് ശരിയല്ലെന്ന് സുഭാഷ് പണിക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 15 ലക്ഷം രൂപയിലായിരുന്നു ലേലം തുടങ്ങിയത്.

Content Highlights : Guruvayur Devaswom Board decides to hand over auctioned Thar to Amal Mohammad