അഹമ്മദാബാദ്‌: ഗുജറാത്തിലെ രാജ്‌കോട്ടില്‍ സ്വന്തം ജീപ്പ് നടുറോഡിലിട്ട് കത്തിച്ചതിന് രണ്ട് പേരെ ഭക്തിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. രാജ്‌കോട്ടിലെ തിരക്കേറിയ കൊതാരിയ റോഡില്‍ മോഡിഫൈഡ് ജീപ്പ് പെട്രോളൊഴിച്ച് കത്തിക്കുന്ന വീഡിയോ ടിക്ക്‌ടോക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വാഹനത്തിന്റെ ഉടമയെയും വീഡിയോ ചിത്രീകരിച്ച സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. 

വാഹനത്തില്‍ പെട്രോളൊഴിച്ച ശേഷം ഉടമയായ ഇന്ദ്രജിത്ത് ജഡേജ തീപ്പെട്ടി കത്തിച്ചിടുകയായിരുന്നു. കത്തുന്ന ജീപ്പിന് സമീപം സുഹൃത്തായ നിമേഷ് ചിത്രീകരിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. നിരവധി തവണ ശ്രമിച്ചിട്ടും വാഹനത്തിന്റെ എന്‍ജിന്‍ ഓണാകാതിരുന്നതിലെ ദേഷ്യത്തിലാണ് ഓട്ടോ പാര്‍ട്ട്‌സ് ഡീലറായ ജീപ്പുടമ വാഹനം കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. 

അതേസമയം ജീപ്പ് കത്തിക്കുന്ന ടിക്ക്‌ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ ഇവര്‍ക്ക് പദ്ധതിയില്ലായിരുന്നെന്നും നിമേഷ് സുഹൃത്തുകള്‍ക്ക് അയച്ചുകൊടുത്ത വീഡിയോ മറ്റാരോ ടിക്ക്‌ടോക്കിലിട്ട ശേഷമാണ് വ്യാപകമായി പ്രചരിച്ചതെന്നും പോലീസ് പറഞ്ഞു. ഐപിസി 285-ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പരമാവധി ശിക്ഷ നല്‍കാന്‍ ശ്രമിക്കുമെന്നും പോലീസ് വ്യക്തമാക്കി. 

Content Highlights; gujarat man sets jeep on fire on busy road, gets arrested