ന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്ന പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹന നയങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഗുജറാത്ത്. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് സംസ്ഥാനം ഒരുക്കിയിട്ടുള്ള ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചത്. 

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനായി മാത്രം അടുത്ത നാല് വര്‍ഷത്തേക്ക് 870 കോടി മാറ്റിവെച്ചുള്ള പദ്ധതികളാണ് ഗുജറാത്ത് ഒരുക്കുന്നത്. ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി ലഭ്യമാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 1.5 ലക്ഷം അല്ലെങ്കില്‍ കിലോവാട്ടിന് 10,000 രൂപ വീതമായിരിക്കും ഇലക്ട്രിക് കാറുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയെന്നാണ് ഇലക്ട്രിക് വാഹന നയത്തില്‍ അറിയിച്ചിരിക്കുന്നത്.

ഇതിനുപുറമെ, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ടൂ വീലറുകള്‍ക്ക് 20,000 രൂപയുടെയും ഇലക്ട്രിക് ത്രീ വീലറുകള്‍ക്ക് 50,000 രൂപയുടെയും സബ്‌സിഡിയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഒരുക്കുന്നത്. സംസ്ഥാനത്ത് വാങ്ങുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കുകയാണ് ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ ആനുകൂല്യമാണ് ഗുജറാത്ത് നല്‍കുന്നത്. 

സംസ്ഥാനത്ത് പുതിയതായി 250 ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 278 ചാര്‍ജിങ്ങ് സെന്ററുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ ആകെ ചാര്‍ജിങ്ങ് സെന്ററുകള്‍ 578 ആയി ഉയര്‍ത്തും. പെട്രോള്‍ പമ്പുകളില്‍ ചാര്‍ജിങ്ങ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമാക്കും. ഇലക്ട്രിക് ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള മുതല്‍മുടക്കിന്റെ 25 ശതമാനം തുകയും സബ്‌സിഡി നല്‍കുമെന്നാണ് വിവരം. 

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ എമിഷന്‍ ആറ് ലക്ഷം ടണ്‍ ആയി കുറയ്ക്കുകയും അഞ്ച് കോടി രൂപയുടെ ഇന്ധനം ലാഭിക്കുകയും ചെയ്യണമെന്നും ഇലക്ട്രിക് നയത്തില്‍ പറയുന്നു. ഗുജറാത്തിലെ മറ്റ് വ്യവസായങ്ങള്‍ക്കൊപ്പം ഇലക്ട്രിക് വാഹന ഹബ്ബായി ഉയര്‍ത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

Content Highlights: Gujarat Government Announce Electric Vehicle Policy