അഹമ്മദാബാദ്: ഗതാഗത നിയമലംഘനത്തിന് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ഗഡ്കരിയുടെ നേതൃത്വത്തില്‍ നിശ്ചയിച്ച ഉയര്‍ന്നപിഴകള്‍ 90 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ഗുജറാത്ത് വെട്ടിക്കുറച്ചത്. ഇളവുചെയ്ത നിരക്ക് തിങ്കളാഴ്ച മുതല്‍ നടപ്പാക്കുമെന്ന് പത്രങ്ങളില്‍ മുഴുപ്പേജ് പരസ്യവും നല്‍കി.

മറ്റു സംസ്ഥാനങ്ങള്‍ നിയമവശങ്ങള്‍ പരിശോധിച്ചുവരുമ്പോള്‍ തീരുമാനിച്ചുറച്ചപോലെയാണ് മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി ഇളവിന്റെ കാര്യം പ്രഖ്യാപിച്ചത്. ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ പോകുന്നതിനുള്ള പിഴ ആയിരമാക്കി ഉയര്‍ത്തിയത് പഴയ നിരക്കായ നൂറുരൂപയിലേക്ക് താഴ്ത്തി. കുടുംബത്തിലെ അച്ഛനും അമ്മയും കുട്ടിയും ബൈക്കില്‍ പോകുന്നത് വലിയ കുറ്റമായി ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഹെല്‍മെറ്റില്ലായാത്രയ്ക്ക് കേന്ദ്രം നിശ്ചയിച്ച 1000 രൂപ പകുതിയാക്കി കുറച്ചു. തത്കാലം ബൈക്ക് ഓടിക്കുന്നയാള്‍ക്ക് മാത്രമേ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കൂവെന്നും വ്യക്തമാക്കി. കാറില്‍ മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍മാത്രം സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മതി; പിഴ ആയിരത്തില്‍നിന്ന് അഞ്ഞൂറിലേക്ക് താഴ്ത്തി. ആകെ 12 ഇനങ്ങളിലാണ് ഇളവുകള്‍ വരുത്തിയത്.

പിഴയടപ്പിച്ച് പണമുണ്ടാക്കാനോ കേസുകള്‍ പരമാവധി എടുപ്പിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് വ്യാഴാഴ്ചത്തെ പരസ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്നും അതിന്റെപേരില്‍ പൊതുജനങ്ങളെ പീഡിപ്പിക്കില്ലെന്നും അറിയിച്ചു. പോലീസുകാര്‍ ഗതാഗതനിയമം ലംഘിച്ചാല്‍ കര്‍ശന നടപടിക്കും നിര്‍ദേശം നല്‍കി.

അതിനിടെ നിതിന്‍ഗഡ്കരി ഇറക്കിയ ഉത്തരവിനെതിരേ ഗുജറാത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ ആദ്യം രംഗത്തുവന്നതിലെ രാഷ്ട്രീയം ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ഗഡ്കരിയുടെ ചില പ്രസ്താവനകള്‍ മോദി-അമിത്ഷാ നേതൃത്വത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പാര്‍ട്ടിനേതൃത്വത്തിന്റെ അനുമതിയില്ലാതെ ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്രതീരുമാനത്തെ ചോദ്യംചെയ്യാനിടയില്ലെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ പറയുന്നത്.

ഉത്തരാഖണ്ഡും കുറച്ചു

ബി.ജെ.പി. ഭരിക്കുന്ന ഉത്തരാഖണ്ഡും, കുത്തനെ ഉയര്‍ത്തിയ പിഴത്തുകയില്‍ ഗണ്യമായ ഇളവുകള്‍ പ്രഖ്യാപിച്ചു. ലൈസന്‍സില്ലാതെയുള്ള ഡ്രൈവിങ്ങിന് 5000 രൂപയാണ് പുതുക്കിയ പിഴ. ഇത് പാതിയാക്കി വെട്ടിക്കുറച്ചു; 2500 രൂപ പിഴയൊടുക്കിയാല്‍ മതി. കാലാവധി കഴിഞ്ഞ ലൈസന്‍സുമായി ഡ്രൈവ് ചെയ്താല്‍ 10000 രൂപ പിഴയീടാക്കാന്‍ തീരുമാനിച്ചത് 5000 രൂപയായി കുറച്ചു. അനധികൃത വാഹനവില്‍പ്പനയ്ക്ക് ഒരു ലക്ഷംരൂപ പിഴയുള്ളത് 50,000 രൂപയായി കുറച്ചു. അതിവേഗത്തിലും അപകടകരവുമായ ഡ്രൈവിങ്ങിന് 5000 രൂപ പിഴയുള്ളത് 2000 രൂപയാക്കി.

Content Highlights; gujarat cuts traffic fines by up to 90 percentage, new traffic fines in gujarat