ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ഹൈബ്രിഡ് കാറുകളൊഴികെയുള്ള മിക്ക മോഡലുകളും വമ്പന്‍ വിലുക്കുറവില്‍ ഇനി സ്വന്തമാക്കാം. പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് മാരുതി സുസുക്കി മൂന്നു ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചതിന് പിന്നാലെ എസ്.യു.വി നിരയിലെ മാര്‍ക്കറ്റ് ലീഡര്‍ ഫോര്‍ച്യൂണറിന് 2.17 ലക്ഷം രൂപയാണ് ടൊയോട്ട കുറച്ചത്. ഇതോടെ 24.42 ലക്ഷം രൂപ മുതല്‍ 29.17 ലക്ഷം രൂപ വരെയാണ് ഇനി ഫോര്‍ച്യൂണറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. എസ്.യു.വികള്‍ക്ക് വിവിധ പരോക്ഷ നികുതികളടക്കം നേരത്തെയുണ്ടായിരുന്ന 55 ശതമാനം നികുതി ജിഎസ്ടി വന്നതോടെ 43 ശതമാനത്തിലേക്ക് കുറച്ചിരുന്നു. 

ടൂ വീല്‍ ഡ്രൈവ് പെട്രോള്‍ മാനുവല്‍, ടൂ വീല്‍ ഡ്രൈവ് പെട്രോള്‍ ഓട്ടോമാറ്റിക്, ടൂ വീല്‍ ഡ്രൈവ് ഡീസല്‍ മാനുവല്‍, ടൂ വീല്‍ ഡ്രൈവ് ഡീസല്‍ ഓട്ടോമാറ്റിക്, ഫോര്‍ വീല്‍ ഡ്രൈവ് ഡീസല്‍ മാനുവല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഡീസല്‍ ഓട്ടോമാറ്റിക് എന്നീ ആറ് വകഭേദങ്ങളിലാണ് നിലവില്‍ ഫോര്‍ച്യൂണര്‍ വിപണിയിലുള്ളത്. ഇതിന് പുറമേ ടൊയോട്ട എംപിവി ഇന്നോവ ക്രിസ്റ്റ, കൊറോള ആള്‍ട്ടിസ് സെഡാന്‍ എന്നിവയ്ക്ക് യഥാക്രമം 98,500, 92,500 രൂപയും വില കുറച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില കുറച്ചത് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയ്ക്കാണ്, 12.29 ലക്ഷം രൂപ. ഏറ്റവും കുറവ് എതിയോസ് ലിവയ്ക്കും, 10500 രൂപ. 

വിവിധ മോഡലുകള്‍ക്ക് കുറച്ച വില

എതിയോസ് ലിവ - 10,500
എതിയോസ് ക്രോസ് - 24500 രൂപ 
പ്ലാറ്റിനം എതിയോസ് - 38000 രൂപ 
ഇന്നോവ ക്രിസ്റ്റ - 98500 രൂപ 
കൊറോള ആള്‍ട്ടീസ് - 92500 രൂപ 
ഫോര്‍ച്യൂണര്‍ - 2.17 ലക്ഷം രൂപ 
ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ - 12.29 ലക്ഷം 
ലാന്‍ഡ് ക്രൂയിസര്‍ 200 - 11 ലക്ഷം 

ഹൈബ്രിഡ് കാറുകളുടെ നികുതി ഇളവ് എടുത്തുകളഞ്ഞ സാഹചര്യത്തില്‍ കാംറി ഹൈബ്രിഡ്, പ്രിയൂസ് ഹൈബ്രിഡ് എന്നിവയ്ക്ക് പരമാവധി 3.5 ലക്ഷം രൂപ വരെ വില ഉയര്‍ത്തും. (ഡല്‍ഹി എക്‌സ്‌ഷോറൂം വില അടിസ്ഥാനമാക്കി, ഓരോ സംസ്ഥാനങ്ങളിലും വില കുറച്ച സംഖ്യയില്‍ വ്യത്യാസമുണ്ടാകും.)

Read More: 3 ശതമാനം വില കുറച്ച് മാരുതി സുസുക്കി 
Read More; വില കുറയുന്ന കാറുകള്‍ ബൈക്കുകള്‍, അറിയേണ്ടതെല്ലാം