ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനമെടുക്കും. 12-ല്‍നിന്ന് അഞ്ചുശതമാനമായാണ് കുറയ്ക്കുകയെന്നാണ് ജി.എസ്.ടി. അധികൃതര്‍ നല്‍കുന്ന സൂചന. വൈദ്യുതിവാഹനങ്ങളുടെ എണ്ണം കൂട്ടുകയും രാജ്യത്തേക്ക് വൈദ്യുതിവാഹനനിര്‍മാതാക്കളെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം. വൈദ്യുതിവാഹനനികുതി കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാരും പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

നിലവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ജി.എസ്.ടി. ഈടാക്കുന്ന ഇന്ധനവാഹനമേഖല മാന്ദ്യത്തിലാണെന്നും അത് കുറയ്ക്കണമെന്നും കാണിച്ച് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലാണ് കേന്ദ്ര ധനമന്ത്രിക്കും ജി.എസ്.ടി. കൗണ്‍സില്‍ ചെയര്‍മാനും കത്തയച്ചത്. ഇന്ധനവാഹനമേഖലയിലെ മാന്ദ്യം മാറ്റുന്നതിനും വൈദ്യുതിവാഹനമേഖലയില്‍ കുതിച്ചുചാട്ടത്തിനും ജി.എസ്.ടി. കുറയ്ക്കല്‍ അനിവാര്യമാണെന്നും കത്തിലുണ്ട്. ഇതില്‍ വൈദ്യുതിവാഹനങ്ങളുടെ കാര്യമാണ് ജി.എസ്.ടി. കൗണ്‍സില്‍ ഉടന്‍ പരിഗണിക്കുക.

2030-ല്‍ രാജ്യത്ത് വൈദ്യുതിവാഹനങ്ങള്‍ മാത്രം എന്ന നീതി ആയോഗിന്റെ ശുപാര്‍ശ നടപ്പാക്കണമെങ്കില്‍ വിദേശകമ്പനികളുടെ നിക്ഷേപം എത്തണം. അതോടൊപ്പം ഇത്തരം വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കാന്‍ നികുതിയും കുറയ്ക്കണം. 2023-ല്‍ രാജ്യത്ത് എല്ലാ ഇരുചക്ര-മുച്ചക്ര വാഹനങ്ങളും 2026-ല്‍ എല്ലാ വാണിജ്യവാഹനങ്ങളും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കണമെന്നാണ് നീതി ആയോഗിന്റെ ശുപാര്‍ശ.

വാഹനവിപണിയില്‍ മാന്ദ്യം

18 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യത്തിനാണ് രാജ്യത്തെ വാഹനവിപണി മേയില്‍ സാക്ഷ്യംവഹിച്ചത്. ഉത്പാദനത്തിലും വില്പനയിലും കാര്യമായ ഇടിവുണ്ടായി. പാസഞ്ചര്‍ കാര്‍ വില്പനയെയാണ് ഏറെ ബാധിച്ചത്. 2018 മേയില്‍ 1,99,479 കാര്‍ വിറ്റിടത്ത് കഴിഞ്ഞ മാസം 1,47,546 കാറുകളാണ് വില്‍ക്കാനായത്.

19 പ്രമുഖ വാഹനനിര്‍മാണക്കന്പനികളില്‍ ഒന്നിനുപോലും ഈ മേയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പന കൂട്ടാനായില്ല. കാര്‍ മാത്രമല്ല നാല് കന്പനികളുടെ ഇരുചക്രവാഹനം ഒഴികെ ഒരു വാഹനത്തിന്റെയും വില്പന മേയില്‍ വര്‍ധിച്ചില്ല. 2001 സെപ്റ്റംബറിലാണ് ഇതിന് സമാനമായ സ്ഥിതി ഉണ്ടായത്. 2008-09െല സാമ്പത്തികമാന്ദ്യകാലത്തുപോലും ഇത്രയേറെ വില്പന ഇടിഞ്ഞിട്ടില്ല.

മൊത്തം വാഹനങ്ങളുടെ ഉത്പാദനത്തിലും മേയില്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 27,33,762 യൂണിറ്റ് ഉത്പാദിപ്പിച്ചത് ഈ വര്‍ഷം 25,15,999 യൂണിറ്റായി കുറഞ്ഞു.

Content Highlights: GST For Electric Vehicles