ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയിലെത്തുകയാണ്. ഹവല്‍ മോട്ടോര്‍ ഇന്ത്യ എന്ന പേരിലാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ അനുബന്ധ കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഗുരുഗ്രാം കേന്ദ്രീകരിച്ചായിരിക്കും ഹവല്‍ മോട്ടോര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം. ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ തുടക്കത്തില്‍ ഏകദേശം 7000 കോടി രൂപയുടെ നിക്ഷേപം ഹവല്‍ ഇന്ത്യ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനിയുടെ പുതിയ നിര്‍മാണ കേന്ദ്രത്തിനായി മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളത്. ഇതില്‍ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമാണ് കൂടുതല്‍ പ്രാധാന്യം. ചൈനീസ് ട്രക്ക് നിര്‍മാതാക്കളായ ഫോട്ടോണിന്റെ കൈവശമുള്ള മഹാരാഷ്ട്രയിലെ ചകാനിലെ ഭൂമി ഏറ്റെടുക്കാനും ഗ്രേറ്റ് വാള്‍ ആലോചിക്കുന്നുണ്ട്. അതോടൊപ്പം ഇന്ത്യ വിട്ട ജനറല്‍ മോട്ടോഴ്സിന്റെ തലേഗാവിലെ നിര്‍മാണ കേന്ദ്രം ഏറ്റെടുക്കുന്ന കാര്യവും കമ്പനിയുടെ പരിഗണനയിലുണ്ട്.

അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം ഹവല്‍ മോട്ടോഴ്‌സ് ആരംഭിക്കുമെന്നാണ് സൂചന. 2021-2022 കാലഘട്ടത്തില്‍ ഹവലിന്റെ ആദ്യ മോഡലും ഇന്ത്യന്‍ നിരത്തിലെത്തിയേക്കും. ഹവല്‍ എച്ച്6 എസ്.യു.വി മോഡലായിരിക്കും ആദ്യം ഗ്രേറ്റ് വാള്‍ കുടുംബത്തില്‍നിന്ന് ഇന്ത്യന്‍ വിപണിയിലെത്തുക. നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി, പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്. ഗ്രേറ്റ് വാള്‍, ഹവല്‍, വേ, ORA എന്നീ നാല് ബ്രാന്‍ഡുകള്‍ ഗ്രേറ്റ് വാളിന് കീഴിലുണ്ട്. ഇന്ത്യയിലെത്തുന്ന ഹവല്‍ എസ്.യു.വി.കളുടെ മാത്രം ബ്രാന്‍ഡാണ്. സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് ഇറക്കുന്നത്. 

ചൈനീസ് കമ്പനിയായ SAIC ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സ് ഹെക്ടര്‍ എസ്.യു.വിയിലൂടെ ഇന്ത്യയില്‍ വലിയ സ്വാധീനമുണ്ടാക്കിയതിന് പിന്നാലെയാണ് ചൈനയില്‍നിന്നുള്ള മറ്റൊരു കമ്പനികൂടി ഇന്ത്യയിലെത്തുന്നത്. 

source; economictimes

Content Highlights; great walls indian subsidiary haval motor india registered, haval motor coming soon