വാഹനങ്ങള്‍ ഓരോസമയത്തും എവിടെയെത്തിയെന്നു കണ്ടെത്താന്‍ സഹായിക്കുന്ന വെഹിക്കിള്‍ ലോക്കേഷന്‍ ട്രാക്കിങ് ഡിവൈസ് (വി.എല്‍.ടി.ഡി.-ഗതിനിര്‍ണയ സംവിധാനം) നടപ്പാക്കാന്‍ ഹൈക്കോടതി രണ്ടുമാസംകൂടി അനുവദിച്ചു.

യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി നടപ്പാക്കുന്ന സംവിധാനം പൂര്‍ണതോതില്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വെങ്ങോലയിലെ ജാഫര്‍ ഖാന്‍ നല്‍കിയ ഹര്‍ജിയിലാണിത്. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

ഇത് നടപ്പാക്കാന്‍ കൂടുതല്‍സമയം ആവശ്യപ്പെട്ട് ഓള്‍ കേരള സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തേ കെ.എസ്.ആര്‍.ടി.സി.യുടെ അപേക്ഷയില്‍ കോടതി അവര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചിരുന്നു. 

ഗതിനിര്‍ണയസംവിധാനം നടപ്പാക്കാന്‍ നടപടികളെടുത്തുവരുകയാണെന്ന സര്‍ക്കാരിന്റെ വിശദീകരണവും കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Content Highlights: GPS Tracking Device In Public Transport Vehicle