സംസ്ഥാനത്തെ മുഴുവന്‍ പൊതുവാഹനങ്ങളിലും മാര്‍ച്ച് 31-നുശേഷം വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ്(വി.എല്‍.ടി.ഡി) സ്ഥാപിക്കണം. ജി.പി.എസ്.സിസ്റ്റം വഴിയുള്ള ട്രാക്കിങ് സംവിധാനം വരുന്നതോടെ വാഹനങ്ങള്‍ 24 മണിക്കൂറും ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണപരിധിയില്‍ വരും. 

അതിവേഗം, അപകടം, വാഹനങ്ങള്‍ എവിടെയുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ അറിയാം. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ഇ-ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള മഞ്ഞനമ്പര്‍ പ്ലേറ്റുള്ള എല്ലാ പൊതുവാഹനങ്ങളിലും ജി.പി.എസ്. വഴിയുള്ള വി.എല്‍.ടി.ഡി. സംവിധാനം നിര്‍ബന്ധമാണ്. ഏപ്രില്‍ ഒന്നുമുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. 

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക് ) ആണ് ഇതിനുള്ള സാങ്കേതികസഹായം നല്‍കുന്നത്. കേരളത്തില്‍ തിങ്കളാഴ്ചവരെ 1,35,3,98 പൊതുവാഹനങ്ങളില്‍ വി. എല്‍.ടി.ഡി. സംവിധാനം സ്ഥാപിച്ചതായി ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.

ആര്‍.ടി.ഒ. ഓഫീസുകളില്‍ ഇതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മോട്ടോര്‍വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ 100 വാഹനങ്ങളില്‍ ട്രാക്കിങ് സംവിധാനം ഘടിപ്പിച്ച് പരീക്ഷണാര്‍ഥം ഒരു വര്‍ഷമായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 

പോലീസ് ആസ്ഥാനത്തുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം(ഇ.ആര്‍.എസ്.എസ്.-ഫോണ്‍: 112) വഴി വി.എല്‍.ടി.ഡി.സംവിധാനം ബന്ധിപ്പിക്കാനുള്ള ചുമതലയും ഇതിനകം സി-ഡാകിന് നല്‍കിയിട്ടുണ്ട്.

Content Highlights: GPS Made Mandatory In Public Transport Vehicle From April 1