സംസ്ഥാനത്തെ പഴയ സ്വകാര്യബസുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും 2020 ഫ്രെബുവരി മുതല്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നിര്‍ബന്ധമാക്കി. സ്വകാര്യബസുകള്‍ ഫെബ്രുവരി 14-ന് മുമ്പും ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ 29-ന് മുമ്പും ജി.പി.എസ്. ഘടിപ്പിക്കണം. 16,000 സ്വകാര്യബസുകള്‍ക്ക് ഇവ സജ്ജീകരിക്കേണ്ടിവരും.

സര്‍ക്കാര്‍ അംഗീകൃത ജി.പി.എസ്. ഉപകരണങ്ങളാണ് വെക്കേണ്ടത്. ഇതോടെ സ്വകാര്യബസുകളുടെ പൂര്‍ണസമയ യാത്രാവിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിന് ലഭിക്കും. റൂട്ട് റദ്ദാക്കുന്നതും സമയംപാലിക്കാത്തും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ത്തന്നെ കണ്ടെത്താനാകും. 

വേഗവും തിരിച്ചറിയാം. വേഗപ്പൂട്ട് വിച്ഛേദിച്ചാലും ജി.പി.എസ്. വേര്‍പെടുത്തിയാലും വിവരം ലഭിക്കും. സ്ത്രീകളുടെ സുരക്ഷയ്ക്ക് പാനിക്ക് ബട്ടണ്‍ സംവിധാനവുമുണ്ട്. ഇതമര്‍ത്തിയാല്‍ കണ്‍ട്രോള്‍ റൂമില്‍ സഹായം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കും.

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് കാരേജ് വാഹനങ്ങള്‍ 2019 ഡിസംബര്‍ 31-ന് മുമ്പ് ജി.പി.എസ് ഘടിപ്പിക്കണം. 13 സീറ്റില്‍ കൂടുതലുള്ള കോണ്‍ട്രാക്റ്റ് കാരേജുകള്‍ക്ക് ഈ നിബന്ധന ബാധകമാണ്. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ജി.പി.എസ്. ഘടിപ്പിക്കേണ്ട സമയപരിധി ഈ ശനിയാഴ്ച അവസാനിക്കും. 50 ശതമാനം സ്‌കൂള്‍ വാഹനങ്ങളേ ജി.പി.എസ്. പിടിപ്പിച്ചിട്ടൂള്ളൂ.

കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ച കാലാവധി 2019 ജനുവരിയായിരുന്നു. ഈ കാലാവധി കഴിഞ്ഞാണ് വിജ്ഞാപനം ഇറങ്ങിയത്. ജി.പി.എസ്. നിര്‍ബന്ധമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ച സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പിച്ചത്. 

സമിതിനിര്‍ദേശം നിയമവകുപ്പ് അംഗീകരിച്ച് വന്നപ്പോഴേക്കും കാലതാമസമുണ്ടായി. കെ.എസ്.ആര്‍.ടി.സി.ക്ക് അനുവദിച്ച സമയപരിധി കഴിഞ്ഞതിനാല്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തേക്കും. 2019 മുതല്‍ ഇറങ്ങുന്ന പുതിയ പൊതുവാഹനങ്ങള്‍ക്ക് ജി.പി.എസ്. നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Content Highlights: GPS Made Mandatory In Private Bus and Goods Vehicle From February