സ്‌കൂള്‍ബസുകളെ നിരീക്ഷിക്കാന്‍ ജി.പി.എസ്. സംവിധാനം നിലവില്‍വന്നു. സ്‌കൂള്‍ ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും. 

പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ 21,000 സ്‌കൂള്‍ ബസുകളുടെ വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. 6.41 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വിനിയോഗിച്ചത്.

വിദ്യാര്‍ഥികളുടെ യാത്ര സുരക്ഷിതമാക്കുന്ന 'സുരക്ഷാമിത്ര' പദ്ധതിയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

കമ്മിഷണറേറ്റിനുപുറമേ 17 റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലായി മിനി കണ്‍ട്രോള്‍ റൂം സജ്ജമാക്കി. മോട്ടോര്‍വാഹന വകുപ്പും സി-ഡാക്കും ചേര്‍ന്നാണ് ജി.പി.എസ്. അധിഷ്ഠിത നിരീക്ഷണ സംവിധാനം ഒരുക്കുന്നത്.

ആദ്യഘട്ടമായാണ് സ്‌കൂള്‍ബസുകളില്‍ ജി.പി.എസ്. ഏര്‍പ്പെടുത്തുന്നത്. രണ്ടാംഘട്ടത്തില്‍ പൊതുവാഹനങ്ങളിലും നിര്‍ബന്ധമാക്കും. ഉദ്ഘാടനച്ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. പദ്മകുമാര്‍ അധ്യക്ഷനായി. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് സംസാരിച്ചു.

എല്ലാം അറിയും കണ്‍േട്രാള്‍ റൂം

  • യാത്രയ്ക്കിടെ അപകടമുണ്ടായാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കും.
  • ബസ് 40 ഡിഗ്രിയില്‍ കൂടുതല്‍ െചരിഞ്ഞാല്‍ അപായസന്ദേശം പ്രവര്‍ത്തിക്കും.
  • യാത്രയ്ക്കിടെ വിദ്യാര്‍ഥികള്‍ക്ക് പോലീസ് സഹായം തേടാന്‍ ബസിനുള്ളിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ബസിനുള്ളിലുണ്ടാകുന്ന അക്രമങ്ങള്‍ ഇതിലൂടെ നിയന്ത്രിക്കാന്‍ കഴിയും.
  • വേഗം കൂട്ടിയാലും ജി.പി.എസ്. വേര്‍പെടുത്തിയാലും ഉടന്‍ കണ്‍േട്രാള്‍ റൂമില്‍ വിവരമെത്തും.
  • സ്‌കൂള്‍അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും വാഹനങ്ങള്‍ നിരീക്ഷിക്കാനുള്ള സൗകര്യവുമുണ്ടാകും.